കേരളത്തിൽ പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുന്നവരിൽ ഏറിയ പങ്കും തൊഴിലുറപ്പുതൊഴിലാളികൾ
തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുന്നവരിൽ വലിയ പങ്കും കുറഞ്ഞ വേതനത്തിന് തൊഴിൽ ചെയ്യുന്ന തൊഴിലുറപ്പുതൊഴിലാളികളാണെന്ന ആശങ്കാജനകമായ വസ്തുത ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ.
പാമ്പുകടിയേൽക്കാതിരിക്കാൻ ആവശ്യമായ അടിസ്ഥാന സുരക്ഷാ ഉപകരണങ്ങൾ നൽകിയാൽ പല മരണങ്ങളും ഒഴിവാക്കാനാകുമെന്ന് കത്തിൽ വ്യക്തമാക്കുന്നു.
തൊഴിലുറപ്പുതൊഴിലാളികൾക്ക് ഗം ബൂട്ടുകളും കൈയുറകളും നീളൻ കത്തികളും നിർബന്ധമായി നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകണമെന്നാണ് ആവശ്യം.
കേരളത്തിൽ പ്രതിവർഷം ഏകദേശം രണ്ടായിരത്തോളം പേർക്ക് പാമ്പുകടിയേൽക്കുന്നുണ്ടെന്നാണ് കണക്കുകൾ.
ഇതിൽ പകുതിയിലേറെപ്പേർ തൊഴിലുറപ്പുപദ്ധതിയിൽ ജോലി ചെയ്യുന്നവരും അടിക്കാട് വെട്ടൽ പോലുള്ള അപകടസാധ്യത കൂടുതലുള്ള ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുമാണ്. ‘‘ഇത് ഏതുവിധേനയും ഒഴിവാക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’’ – പ്രമോദ് ജി. കൃഷ്ണൻ വ്യക്തമാക്കി.
കാടുപിടിച്ച പ്രദേശങ്ങൾ വൃത്തിയാക്കുമ്പോൾ ഗം ബൂട്ടുകളും കൈയുറകളും ധരിക്കാത്തതും, നീളംകുറഞ്ഞ കത്തികളുപയോഗിച്ച് മണ്ണിനോട് ചേർന്ന അടിക്കാട് വെട്ടുന്നതുമാണ് പാമ്പുകടിയേൽക്കാനുള്ള പ്രധാന കാരണങ്ങൾ.
ഇത്തരം ജോലികൾ ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സമീപകാലത്ത് മലപ്പുറം ജില്ലയിലെ തുവ്വൂരിൽ മൂന്ന് കുട്ടികളുടെ അമ്മയായ തൊഴിലുറപ്പുതൊഴിലാളി പാമ്പുകടിയേറ്റ് മരിച്ച സംഭവം വനംവകുപ്പിനെ കൂടുതൽ ജാഗ്രതയിലാക്കി.
ഈ മരണത്തെ തുടർന്നാണ് സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്ന ആവശ്യവുമായി സർക്കാർ തലത്തിൽ ഇടപെടൽ ശക്തമായത്.
തൊഴിലുറപ്പുതൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായി കേന്ദ്രഫണ്ടോ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളോ ഉപയോഗിക്കാമെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.
കേരളത്തിൽ പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുന്നവരിൽ ഏറിയ പങ്കും തൊഴിലുറപ്പുതൊഴിലാളികൾ
എന്നാൽ, പല തദ്ദേശസ്ഥാപനങ്ങളും ഇതിനായി ഫണ്ട് അനുവദിക്കാൻ തയ്യാറാകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
അതേസമയം, കേരളത്തിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ആറുവർഷത്തിനിടെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഒരുകാലത്ത് വർഷം ശരാശരി 150 പേരാണ് പാമ്പുകടിയേറ്റ് മരിച്ചിരുന്നത് എങ്കിൽ, ഇപ്പോൾ ആ എണ്ണം ഏകദേശം 30 ആയി കുറഞ്ഞതായാണ് ഔദ്യോഗിക കണക്കുകൾ.
എന്നിരുന്നാലും, തൊഴിലുറപ്പുതൊഴിലാളികൾ പോലുള്ള അപകടസാധ്യതയുള്ള വിഭാഗങ്ങളെ സംരക്ഷിക്കാൻ കൂടുതൽ മുൻകരുതലുകൾ അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.









