എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല; ഇനിയും ഇങ്ങനെ വേട്ടയാടിയാൽ ജീവനൊടുക്കുക മാത്രമേ വഴിയുള്ളൂ…മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി
ദിണ്ടിഗൽ: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ദിണ്ടിഗൽ സ്വദേശിയായ എം.എസ്. മണി ശക്തമായി നിഷേധിച്ചു.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ദിണ്ടിഗലിലെത്തി പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെയാണ് മണി മാധ്യമങ്ങളെ കണ്ടത്.
കേരളത്തിൽ പുറത്തുവരുന്ന വലിയ വാർത്തകളിൽ തന്റെ പേര് എങ്ങനെ ഉൾപ്പെട്ടുവെന്ന് അറിയില്ലെന്നും, താൻ ഒരു ചെറിയ ബിസിനസുകാരൻ മാത്രമാണെന്നും മണി പറഞ്ഞു.
എല്ലാ സ്വത്തുക്കളും നിയമപരമാണെന്നും, തനിക്കെതിരേ ഇതുവരെ ഒരു പെറ്റിക്കേസ് പോലും ഇല്ലെന്നും മണി ആവർത്തിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ വികാരഭരിതനായി സംസാരിച്ച മണി, കേസുമായി ബന്ധപ്പെട്ട ആരെയും തനിക്ക് പരിചയമില്ലെന്നും വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പേരുടെ ചിത്രങ്ങൾ കാണിച്ച് പൊലീസ് സംഘം വിവരങ്ങൾ തേടിയിരുന്നുവെന്നും, തന്റെ കൈവശമുള്ള എല്ലാ അക്കൗണ്ട് വിവരങ്ങളും എസ്ഐടിക്ക് കൈമാറിയിട്ടുണ്ടെന്നും പറഞ്ഞു.
ഇത്ര വലിയ കേസിൽ തന്റെ പേര് ഉയർന്നുവന്നത് തനിക്ക് മനസ്സിലാകുന്നില്ലെന്നും, ഇനിയും ഇങ്ങനെ വേട്ടയാടിയാൽ ജീവനൊടുക്കുക മാത്രമേ വഴിയുള്ളൂവെന്നുമുള്ള വാക്കുകളോടെയാണ് മണി പ്രതികരിച്ചത്.
ഫിനാൻസ് ബിസിനസ് മാത്രമാണ് തനിക്കുള്ളതെന്നും, സ്വർണവുമായി ബന്ധപ്പെട്ട യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്നും മണി വ്യക്തമാക്കി.
ബാലമുരുകനുമായി ദീർഘകാല പരിചയമുണ്ടെന്നും, അതിനാലാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഫോൺ ഉപയോഗിക്കുന്നതെന്നും മണി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഹാജരാകാൻ വിളിപ്പിച്ചിട്ടുണ്ടെന്നും, ഈ മാസം 30ന് അവിടെ എത്തുമെന്നും അറിയിച്ചു.
പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായാണ് കേരളത്തിൽ എത്തിയതെന്നും, ശബരിമലയിലെത്തിയിട്ടുണ്ടെങ്കിലും അവിടെ ആരുമായും പരിചയമില്ലെന്നും മണി കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കടത്ത് കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ നിർണായക കണ്ണിയെന്ന നിലയിലാണ് എസ്ഐടി മണിയിലേക്കെത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും, അവ വാങ്ങിയത് പുരാവസ്തു കടത്ത് സംഘത്തിലുള്ള ‘ഡി മണി’യാണെന്നും, തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചായിരുന്നു ഇടപാടുകൾ നടന്നതെന്നും ആയിരുന്നു വ്യവസായിയുടെ മൊഴി.
English Summary
Dindigul native MS Mani has denied allegations linking him to the Sabarimala gold smuggling case. After the Special Investigation Team conducted inspections and sought information from him, Mani told the media that he has no involvement in the case and runs only a small finance business. He claimed all his assets are legal and said he does not know anyone connected to the case. Mani stated that he has shared all account details with the SIT and will appear in Thiruvananthapuram on the 30th as directed. The SIT reportedly identified Mani based on a businessman’s statement mentioning a “D Mani” in connection with the alleged smuggling of panchaloha idols.
sabarimala-gold-smuggling-ms-mani-denial
Sabarimala Gold Case, Gold Smuggling, MS Mani, SIT Investigation, Kerala News, Dindigul News, Panchaloha Idols, Political Allegations









