ന്യൂസ് ഡസ്ക്ക് : 2016 ജനുവരി രണ്ടിന് ഇന്ത്യയെ ഞെട്ടിച്ച പത്താൻകോട്ട് ഭീകരാക്രമണ കേസിലെ സൂത്രധാരന്റെ ജീവനെടുത്ത് അജ്ഞാതരായ കൊലയാളികൾ. ഇന്ന് പുലർച്ചെ പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ നടന്ന വെടിവയ്പ്പിൽ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. ജയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ തലവൻമാരിലൊരാളും പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനുമാണ് ഷാഹിദ് ലത്തീഫ്. യു.എ.പി.എ പ്രകാരം ദേശിയ തീവ്രവാദവിരുദ്ധ സേന തിരയുന്ന പ്രതികളിലൊരാൾ കൂടിയാണ് ഷാഹിദ്. പത്താൻകോട്ടിലെ വ്യോമസേന താവളം ആക്രമിച്ചതിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തത് മുതൽ സൂത്രധാരൻമാരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു സൈന്യവും രഹസ്യാന്വേഷണ വിഭാഗവും. പാക്കിസ്ഥാനിൽ വിപുലമായ ചാരശൃഖലയുള്ള റോയുടെ ഏജന്റുമാർ തീവ്രവാദ സംഘടയുടെ ശക്തികേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ലത്തീഫിന്റെ ഒളിത്താവളം കണ്ടെത്തുകയും ചെയ്തു. അതീവ സുരക്ഷയിൽ രഹസ്യമായിട്ടായിരുന്നു ഷാഹിദ് ലത്തീഫന്റെ സഞ്ചാരമെല്ലാം. അത് കൊണ്ട് തന്നെ ലത്തീഫിന്റെ കൊലപാതകം ആര് നടത്തിയെന്നതും അജ്ഞാതം.
17 മണിക്കൂർ നീണ്ട് നിന്ന പത്താൻകോട്ട് ആക്രമണത്തിൽ 6 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്. അഞ്ച് ആക്രമണകാരികളെ കൊലപ്പെടുത്താനും കഴിഞ്ഞു. ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം താറുമാറാക്കാനായി തീവ്രവാദസംഘടനകൾ ആസൂത്രണം ചെയ്തതാണ് ആക്രണമെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടിയിരുന്നു.
ഇന്ത്യയിലേയ്ക്ക് മയക്കുമരുന്നും ആയുധവും കടത്തിയതിന്റെ പേരിൽ 1994ൽ ലത്തീഫിനെ കാശ്മീരിൽ നിന്നും ഇന്ത്യൻ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. പതിനാറ് വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷം 2010ൽ വാഗാ അതിർത്തി വഴി പാക്കിസ്ഥാനിലേയ്ക്ക് നാട് കടത്തി. അതിന് ശേഷം ജയിഷെ മുഹമ്മദിന്റെ ഉന്നത സ്ഥാനത്ത് എത്തിയ ലത്തീഫ് ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുകയായിരുന്നു. 1999ൽ കണ്ടഹാർ വിമാനറാഞ്ചൽ നടത്തിയ തീവ്രവാദികൾ ലത്തീഫിനെ മോചിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നു.
കൊല്ലപ്പെടുന്നത് പതിനേഴാമത്തെ ഭീകരൻ
ഇന്ത്യക്കെതിരെ വിവിധ കാലങ്ങളിൽ ആക്രമണം നടത്തിയ തീവ്രവാദികൾ വിദേശരാജ്യങ്ങളിൽ കൊല്ലപ്പെടുന്നത് തുടരുകയാണ്. കണ്ടഹാർ വിമാനറാഞ്ചലിന്റെ സൂത്രധാരനായ സഹൂർ മിസ്ത്രി കറാച്ചിയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. എയർ ഇന്ത്യ വിമാനം ബോംബ് വച്ച് തകർത്ത റിപുദാമൻസിങ് മാലിക്ക് ഇംഗ്ലണ്ടിലെ സുരെയിൽ അജ്ഞാതർ വെടിവച്ച് കൊന്നു. ഐ.എസ്.ഐ തീവ്രവാദിയായ മുഹമ്മദ് ലാൽ നേപ്പാളിൽ വച്ചാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പോലീസ് ആസ്ഥാനം റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ആക്രമിച്ച് ഹർവീന്ദർ സിങ് സിദ്ധുവിനെ ലാഹോറിലെ ആശുപത്രിയിൽ ദൂരൂഹസാഹചര്യത്തിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇങ്ങനെ പതിനേഴോളം പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം.