ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നടന്ന ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ദാരുണ സംഭവം. മാരത്തോൺ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരണമടഞ്ഞു.
കൊല്ലം എച്ച്ഡിഎഫ്സി ബാങ്കിലെ സീനിയർ മാനേജറും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ.ആർ. ആഷിക് (47) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ശംഖുമുഖത്ത് ആരംഭിച്ച ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെയായിരുന്നു സംഭവം.
21 കിലോമീറ്റർ വിഭാഗത്തിലാണ് ആഷിക് മത്സരിച്ചത്. ശംഖുമുഖത്ത് നിന്ന് ഓട്ടം ആരംഭിച്ച് വലിയവേളി പള്ളിക്ക് സമീപം എത്തിയപ്പോഴാണ് അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന മറ്റ് മത്സരാർത്ഥികളാണ് ഇത് ആദ്യം ശ്രദ്ധിച്ചത്.
ഉടൻ തന്നെ സിപിആർ നൽകിയ ശേഷം നാട്ടുകാരുടെയും സംഘാടകരുടെയും സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
മാരത്തണുകളിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയായിരുന്നു ആഷിക്. ആരോഗ്യപരമായി സജീവമായ ജീവിതശൈലി പിന്തുടർന്നിരുന്ന അദ്ദേഹം വിവിധ ദൂരമത്സരങ്ങളിൽ മുമ്പും പങ്കെടുത്തിട്ടുണ്ടെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അറിയിച്ചു.0
ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹമത്സരാർത്ഥികൾക്കും വലിയ ഞെട്ടലാണ് നൽകിയത്.
അതേസമയം, മാരത്തൺ സംഘടിപ്പിച്ചതിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായിരുന്നുവെന്ന ആരോപണങ്ങളും ശക്തമാകുകയാണ്.
പരിപാടിക്കിടയിൽ മതിയായ മെഡിക്കൽ സൗകര്യങ്ങളോ അടിയന്തര സേവന സംവിധാനങ്ങളോ ഒരുക്കിയിരുന്നില്ലെന്നാണ് മത്സരാർത്ഥികളുടെ പരാതി.
പുലർച്ചെ നടന്ന ഓട്ടത്തിനിടെ പല ഭാഗങ്ങളിലും റോഡുകളിൽ ആവശ്യമായ വെളിച്ചം ഇല്ലായിരുന്നുവെന്നും, വാളൻറിയർമാരുടെ സാന്നിധ്യം വളരെ കുറവായിരുന്നുവെന്നും അവർ ആരോപിച്ചു.
വാഹന ഗതാഗതം കാര്യമായി നിയന്ത്രിക്കാതെയാണ് മാരത്തൺ നടത്തപ്പെട്ടതെന്നും, ഇതുമൂലം നിരവധി പേർ അപകടത്തിൽപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും പങ്കെടുത്തവർ പറഞ്ഞു.
ചിലർ തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന ആരോപണം സംഘാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സംഭവത്തിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണം സ്വാഭാവിക കാരണങ്ങളാലാണോ മറ്റ് വീഴ്ചകളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
മാരത്തൺ പോലുള്ള വലിയ പൊതുപരിപാടികളിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും മുന്നോട്ടുവയ്ക്കുകയാണ്.









