ഇംഗ്ളീഷുകാരി നേഴ്‌സിനെ ജോലിയിൽ നിന്നും സ്ഥിരമായി പുറത്താക്കി NMC
ലണ്ടൻ: യുകെയിലെ വാർവിക്ഷെയറിലുള്ള ഒരു നഴ്‌സിങ് ഹോമിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ നഴ്‌സിങ് ഹോം മാനേജരായിരുന്ന നഴ്‌സിനെ ജോലിയിൽ നിന്ന് സ്ഥിരമായി പുറത്താക്കി.
ഇംഗ്ലീഷ് സ്വദേശിനിയായ മിഷേൽ റോജേഴ്‌സിനെതിരെയാണ് നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) കർശന നടപടി സ്വീകരിച്ചത്.
ഇതോടെ മിഷേലിന്റെ നഴ്‌സിങ് പിൻ നമ്പർ റദ്ദാക്കുകയും യുകെയിൽ ഇനി നഴ്‌സായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം രൂപപ്പെടുകയും ചെയ്തു.
മലയാളി നഴ്‌സിനെതിരെ കള്ളക്കേസുകൾ ചുമത്തി പിൻ നമ്പർ നഷ്ടപ്പെടുത്താനും രാജ്യത്ത് നിന്ന് പുറത്താക്കാനും ശ്രമിച്ച സംഭവത്തിലാണ് എൻഎംസി നടപടി സ്വീകരിച്ചത്.
കേസിൽ മലയാളി യുവതിക്കായി ഹാജരായ ക്രിമിനൽ അഭിഭാഷകൻ ബൈജു തിട്ടാലയിലിന്റെ വാദങ്ങൾ എൻഎംസി അംഗീകരിക്കുകയും യുവതിയെ നേരത്തേ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തിൽ, ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാരെ വീസ സ്‌പോൺസർഷിപ്പ് റദ്ദാക്കുമെന്ന ഭീഷണി മുഴക്കി മിഷേൽ റോജേഴ്‌സ് ക്രൂരമായി പെരുമാറിയിരുന്നുവെന്ന് കണ്ടെത്തി.
തുടർച്ചയായി എട്ട് ദിവസം വരെ രാത്രി ഡ്യൂട്ടി ചെയ്യിപ്പിക്കുകയും “ഇത് ഇംഗ്ലണ്ടാണ്, ഇന്ത്യയല്ല” എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തിരുന്നുവെന്നും എൻഎംസി പാനൽ വ്യക്തമാക്കി.
ഏഷ്യൻ വംശജരോട് തുടക്കം മുതൽ വൈരാഗ്യപരമായ സമീപനമാണ് ഇവർ സ്വീകരിച്ചതെന്നും, നഴ്‌സിങ് ഹോമിൽ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
ചെറുതായ തെറ്റുകൾ പോലും വലുതാക്കി രേഖപ്പെടുത്തി എൻഎംസിയിൽ റിപ്പോർട്ട് നൽകുകയും, പരിശീലനം ആവശ്യപ്പെട്ട നഴ്‌സുമാരോട് നിർദേശങ്ങൾ അനുസരിച്ച് ജോലി ചെയ്തില്ലെങ്കിൽ സ്‌പോൺസർഷിപ്പ് റദ്ദാക്കി പുറത്താക്കുമെന്ന ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
മറ്റൊരു സ്ഥാപനത്തിൽ ജോലി തേടിയ മലയാളി യുവതിക്കെതിരെ മോശം റഫറൻസ് നൽകി നിയമനം തടയാൻ ശ്രമിച്ചതായും കണ്ടെത്തി.
ഇതോടെ രാജ്യം വിടേണ്ട സാഹചര്യം ഉണ്ടായ യുവതി അഭിഭാഷകൻ ബൈജു തിട്ടാലയെ സമീപിക്കുകയും കേസ് നിയമപരമായി മുന്നോട്ടുപോകുകയും ചെയ്തു.
ഏഴ് ദിവസത്തെ എൻഎംസി വിചാരണയിൽ മിഷേൽ റോജേഴ്‌സ് ഹാജരാകാൻ തയാറായില്ല. തുടർന്ന് ഹൈക്കോടതി സമൻസ് വഴിയാണ് ഇവരെ ഹാജരാക്കിയത്.
വാദങ്ങൾക്കിടെ നിലപാട് ന്യായീകരിക്കാൻ കഴിയാതെ സിറ്റിംഗിൽ നിന്ന് ഇറങ്ങിപ്പോയതും ഇവർക്കെതിരായ ഘടകമായി.
എൻഎംസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ, കുടിയേറ്റ പദവി ദുരുപയോഗം ചെയ്ത് ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാരെ ഭീഷണിപ്പെടുത്തിയെന്നും ആവശ്യമായ പരിശീലനം മനപ്പൂർവം നിഷേധിച്ചെന്നുമാണ് കണ്ടെത്തൽ.
നഴ്‌സിങ് തൊഴിൽമര്യാദയ്ക്ക് നിരക്കാത്ത പെരുമാറ്റമാണെന്ന് വിലയിരുത്തിയ എൻഎംസി മിഷേൽ റോജേഴ്‌സിനെ നഴ്‌സിങ് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടു.
അപ്പീൽ നൽകാൻ 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, ആ കാലയളവിൽ പോലും ജോലി ചെയ്യാനാകാത്ത വിധം 18 മാസത്തെ താൽക്കാലിക സസ്‌പെൻഷനും ഏർപ്പെടുത്തിയിട്ടുണ്ട്.
വംശീയ വിവേചനത്തിനെതിരെ എൻഎംസിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ വിധി വ്യക്തമാക്കുന്നതെന്ന് അഭിഭാഷകൻ ബൈജു തിട്ടാല പറഞ്ഞു.









