കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു
കൊച്ചി: വിചാരണക്കോടതികളിൽ നീണ്ടുകിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ‘റോബോ ജഡ്ജി’ സംവിധാനത്തെ ഇന്ത്യയിലും നടപ്പാക്കാൻ ഒരുങ്ങുന്നു.
പെറ്റി, ട്രാഫിക് കേസുകൾ, ഭൂതർക്ക കേസുകൾ എന്നിവയിൽ പ്രാഥമിക നടപടികൾ വേഗത്തിലാക്കുന്നതിനാണ് സംവിധാനം ഉപകരിക്കുക.
അന്തിമ വിധി മനുഷ്യ ജഡ്ജിമാരുടേതായിരിക്കും. അടുത്ത വർഷം മുതൽ പദ്ധതി തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.
മനുഷ്യരൂപത്തിലുള്ള യന്ത്രമല്ല ‘റോബോ ജഡ്ജി’; എ.ഐ അധിഷ്ഠിത ഡിജിറ്റൽ സംവിധാനമാണ് ഇത്.
കേസ് നടത്തിപ്പിന് ആവശ്യമായ രേഖകളുടെ പരിശോധനം, പശ്ചാത്തല വിവരങ്ങൾ ശേഖരിക്കൽ, നിഗമനങ്ങൾ തയ്യാറാക്കൽ, തെളിവുകളുടെ പ്രാഥമിക പരിശോധന, മുൻകാല വിധിന്യായങ്ങൾ കണ്ടെത്തൽ എന്നിവയാണ് ഈ സംവിധാനം കൈകാര്യം ചെയ്യുക.
ധാർമ്മികതയും യുക്തിയും പാലിച്ചായിരിക്കും പ്രവർത്തനമെന്ന് അധികൃതർ പറയുന്നു.
ഘട്ടങ്ങളായാണ് സംവിധാനം രാജ്യത്ത് നടപ്പാക്കുക. ആദ്യം ജില്ലാ–സെഷൻസ് ജഡ്ജിമാർക്കുള്ള പരിശീലനം ആരംഭിക്കും.
ഇതിനകം രണ്ടു ബാച്ച് വിചാരണക്കോടതി ജഡ്ജിമാർ സിംഗപ്പൂരിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനാണ് പദ്ധതിയുടെ മേൽനോട്ടം.
ഡിജിറ്റലൈസേഷൻ കോടതികളിലെ പ്രവർത്തന വേഗം വർധിപ്പിച്ചിട്ടുണ്ടെങ്കിലും പെട്ടികേസുകളും ഭൂതർക്ക കേസുകളും കുത്തനെ ഉയരുന്നത് വെല്ലുവിളിയാകുന്നു.
ഈ പശ്ചാത്തലത്തിലാണ് റോബോ ജഡ്ജി സംവിധാനം കൊണ്ടുവരുന്നത്.
ലോകത്ത് ഇത് ആദ്യം നടപ്പാക്കിയ രാജ്യം എസ്തോണിയയാണ് — 2019 മുതൽ ചെറിയ കേസുകളിൽ റോബോ ജഡ്ജിമാരെ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.
പിന്നാലെ ചൈനയും സമാന സംവിധാനം കൊണ്ടുവന്നു. ഇന്ത്യയും ഇതേ മാതൃക പിന്തുടരാനാണ് ഉദ്ദേശിക്കുന്നത്. യു.എ.ഇയിലും എ.ഐ കോടതിസഹായ സംവിധാനം നിലവിലുണ്ട്.
രാജ്യത്തെ വിചാരണക്കോടതികളിൽ നിലവിൽ 3.6 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്.
English Summary
India is preparing to introduce “Robo Judges” — AI-assisted judicial systems — to help speed up the disposal of pending cases in trial courts.
india-to-introduce-robo-judges
Robo Judge, AI Judiciary, Indian Courts, Case Backlog, Digital Justice, Kerala, Technology in Law









