തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വമ്പന്‍ പാക്കേജ്: പെന്‍ഷന്‍ 2000 രൂപ; ‘കണക്ട് ടു വര്‍ക്ക്’ ഉള്‍പ്പെടെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പുതിയ പദ്ധതികള്‍
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി.
ക്ഷേമപെന്‍ഷന്‍ നിലവിലെ 1,600 രൂപയില്‍നിന്ന് 2,000 രൂപയായി വര്‍ധിപ്പിക്കുന്നതടക്കമുള്ള സാമ്പത്തിക സഹായ–സാമൂഹിക ക്ഷേമപരമായ നിരവധി പദ്ധതികളാണ് മന്ത്രിസഭ പ്രഖ്യാപിച്ചത്.
400 രൂപയുടെ വര്‍ധനവിലൂടെ ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് നേരിട്ടുള്ള ഗുണം ലഭിക്കും. കൂടാതെ, ഒരു ഗഡു ഡിഎ കുടിശിക (4 ശതമാനം) നവംബര്‍ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീ സുരക്ഷയ്ക്കും ജീവിതനിലവാര മെച്ചപ്പെടുത്തലിനുമായി പുതിയ സഹായ പദ്ധതിയും നടപ്പിലാക്കുന്നു.
ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്ക് നല്‍കുന്ന ഈ പദ്ധതി വഴി 33 ലക്ഷത്തിലധികം വനിതകള്‍ക്ക് ഗുണം ലഭിക്കും.
യുവാക്കൾക്ക് ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ്
അതിനൊപ്പം, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ജോലി മത്സര പരീക്ഷാ തയ്യാറെടുപ്പിനുമുള്ള “കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്” പ്രഖ്യാപിച്ചു.
പ്രതിവര്‍ഷം കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ക്കുറഞ്ഞ 18–30 വയസ്സ് പ്രായമുള്ള പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രിക്ക് ശേഷം നൈപുണ്യ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും ജോലി-മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1,000 രൂപ വീതം ധനസഹായം നല്‍കും.
5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയില്‍ നിന്നു പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍, ഇതിന് സംസ്ഥാനത്തിന് പ്രതിവര്‍ഷം 600 കോടി രൂപ ചെലവാകും.
പ്രതിമാസ ഓണറേറിയം 1,000 രൂപയായി ഉയര്‍ത്തുകയും നിലവിലുള്ള കുടിശിക വിതരണം ചെയ്യുകയും ചെയ്യും. പ്രീപ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും പ്രതിമാസം 1,000 രൂപയുടെ വേതന വര്‍ധനയും ഗസ്റ്റ് ലക്ചറര്‍മാര്‍ക്ക് പരമാവധി 2,000 രൂപയുടെ വര്‍ധനയും പ്രഖ്യാപിച്ചു.
ഒരു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ ശമ്പളം; എസ്ബിഐയിൽ ജോലി നേടാം; ബിരുദധാരികൾക്കും അപേക്ഷിക്കാം
കർഷകർക്കുള്ള ആശ്വാസം: റബർ-നെല്ല് വില ഉയർന്നു
കൃഷിയിടത്ത് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവും ഉണ്ടായി. റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍നിന്ന് 200 രൂപയാക്കി ഉയര്‍ത്തും. നവംബര്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നെല്ലിന്റെ സംഭരണവില 28.20ല്‍നിന്ന് 30 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.
അതേസമയം, പിഎം ശ്രീ സ്കീമുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി പുനപരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഏഴ് അംഗ ഉപസമിതി രൂപീകരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ തുടര്‍നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കും. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച വിവരം കത്തുവഴി അറിയിക്കും.
കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, വി ശിവന്‍കുട്ടി, പി പ്രസാദ്, എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നീ മന്ത്രിമാരാണ് സമിതിയില്‍ ഉള്‍പ്പെടുന്നത്.









