വെറ്ററിനറി സർവകലാശാലയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ 30 ഓളം പന്നികൾക്കാണ് രോഗാണുബാധ സ്ഥിരീകരിച്ചത്.
ബെംഗളൂരുവിലെ എസ്ആർഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരും.
പത്ത് കിലോമീറ്റർ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നടപടി പൂർത്തിയാക്കിയാൽ ഉടൻ അണുനശീകരണ നടപടി നടപ്പിലാക്കാൻ നിർദ്ദേശം.
പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാൻ സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.









