കനത്ത മഴ പെയ്തതോടെ കീടനിയന്ത്രണങ്ങൾ നടത്താനാകാതെ കാപ്പി കർഷകർ
തുടർച്ചയായി കനത്ത മഴ പെയ്തതോടെ രോഗകീട നിയന്ത്രണങ്ങൾ നടത്താനാകാതെ കാപ്പി കർഷകർ. ഇത് കാപ്പിച്ചെടികൾക്ക് കറുത്തഴുകൽ, ഞെട്ടഴുകൽ,കായപൊഴിച്ചിൽ തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ കാരണമായി.
ഈർപ്പമുള്ള കാലാവസ്ഥയിൽ കറുത്തഴുകലും ഞെട്ടഴുകലും നിയന്ത്രിയ്ക്കുന്നതിന് മരുന്ന് തളിയ്ക്കലും സാധ്യമല്ല. മികച്ച വില ലഭിക്കുന്ന സമയത്ത് കാപ്പിക്കുരുവിന് രോഗബാധ വന്നത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
കറുത്തഴുകൽ, ഞെട്ടഴുകൽ രോഗങ്ങൾ ബാധിച്ച ചെടികളിലെ ഇലകളും കായകളും കുഴിച്ചുമൂടുകയൊ കത്തിച്ചുകളയുകയൊ ചെയ്യണം.
മലയോര മേഖലയിൽ നിന്നും മലയിറങ്ങി മഞ്ഞൾകൃഷി; കൂട്ടത്തോടെ പിന്തിരിഞ്ഞ് കർഷകർ; കാരണമിതാണ്:
ആരോഗ്യമുള്ള ചെടികൾക്ക് വായുസഞ്ചാരം കൂടുതലായി ലഭ്യമാക്കണം ഇതിനായി കാപ്പിച്ചെടികളിൽ വീണുകിടക്കുന്ന തണൽ മരങ്ങളുടെ ഇലകളും ഉണങ്ങിയ ശാഖകളും വെട്ടിമാറ്റണം. കാപ്പിച്ചെടികളുടെ ചുവട്ടിലെ മണ്ണിൽ കാറ്റും വെളിച്ചവും ലഭ്യമാകുന്ന രീതിയിൽ മാത്രം പുതയിടുക.
കനത്ത മഴ പെയ്തതോടെ കീടനിയന്ത്രണങ്ങൾ നടത്താനാകാതെ കാപ്പി കർഷകർ
നീർവാഴ്ച്ചയും വേരുകൾക്ക് വായുസഞ്ചാരവും ലഭിക്കണം ഇതിനായി നീർക്കുഴികളും നീർച്ചാലുകളും വൃത്തിയാക്കണം. മഴയ്ക്ക് ഇടവേള ലഭിച്ചാൽ കറുത്തഴുകൽ രോഗം ബാധിച്ച സ്ഥലങ്ങളിൽ 120 ഗ്രാം ബാവിസ്റ്റിൻ 200 ലിറ്റർ വെള്ളത്തിൽ കലർത്തി ലിറ്ററിന് ഒരു മില്ലീ ലിറ്റർ വരെ പശ ചേർത്ത് ചെടികളിൽ തളിയ്ക്കണം.
ഞെട്ടഴുകൽ രോഗത്തിന് 160 ഗ്രാം ബാവിസ്റ്റിൻ 200 ലിറ്റർ വെള്ളത്തിൽ കലർത്തി ലിറ്ററിന് ഒരു മില്ലീലിറ്റർ വരെ പശ ചേർത്ത് രോഗബാധയുള്ള ബ്ലോക്കുകളിൽ തളിയ്ക്കണം.
കാലവർഷത്തിന്റെ ഇടവേളയിൽ ഏക്കറിന് 50 കിലോയൂറിയ എന്ന തോതിൽ വളപ്രയോഗം നടത്തുന്നത് കായ പൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
കറുത്തഴുകലും ഞെട്ടഴുകലും ബാധിക്കുന്ന കാപ്പിക്കുരു വിളവെടുപ്പിന് പാകമാകുന്നതിന് മുൻപ്തന്നെ കറുത്ത് ചീഴുകയും പൊഴിഞ്ഞു പോകുകയുമാണ് ചെയ്യുക.
ഏലം വില ഉയർന്നിട്ടും കാപ്പിത്തോട്ടങ്ങൾ അതേപോലെ നില നിർത്തിയ ചെറുകിട കർഷകർക്ക് മുതൽ എസ്റ്റേറ്റ് ഉടമകൾക്ക് വരെ കാപ്പിയുടെ രോഗബാധ തിരിച്ചടിയായിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം മൂലം കാപ്പിക്കുരു ഒരുമിച്ച് പാകമാകാത്തത് കർഷകരെ വലയ്ക്കുന്നുണ്ട്. ഒരു ചെടിയിൽ തന്നെ പച്ചയും , വിളഞ്ഞതുമായ കാപ്പിക്കുരു കായ്ച്ചു നിൽക്കുന്നത് രണ്ട് തവണ വിളവെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാക്കും.
ഇത് കർഷകർക്ക് വിളവെടുപ്പ് കൂലി പോലും ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കും. നിലവിൽ അതിഥി തൊഴിലാളികൾക്ക് 400 രൂപയും പ്രാദേശിക തൊഴിലാളികൾക്ക് 600 രൂപയുമാണ് വിളവെടുപ്പ് കൂലി നൽകേണ്ടത്.
മഴമൂലം വിളവെടുത്ത കാപ്പിക്കുരു ഉണങ്ങുവാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഉണങ്ങാതെ സൂക്ഷിക്കുന്ന കാപ്പിക്കുരുവിന്റെ തൊണ്ട് ഈർപ്പംമൂലം അഴുകുന്നത് തൂക്കം കുറയാനും കാരണമാകും.









