ജപ്തി ഭീഷണി; ആലപ്പുഴയിൽ യുവാവ് ജീവനൊടുക്കി
ആലപ്പുഴ: ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. ആലപ്പുഴ കണിച്ചുകുളങ്ങരയിലാണ് സംഭവം.
അയ്യനാട്ടുവെളി വീട്ടിൽ വൈശാഖ് മോഹൻ ആണ് ആത്മഹത്യ ചെയ്തത്. പണം തിരിച്ചടയ്ക്കാൻ ഒരു മാസത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു.
ഏക വീടുള്ളവരെ ജപ്തി നടപടികളുടെ ഭാഗമായി ഇറക്കി വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ആലപ്പുഴയിൽ ദാരുണ സംഭവം ഉണ്ടായത്.
2015-ൽ വൈശാഖിന്റെ അമ്മയുടെ പിതാവ് രാഘവൻ ബാങ്കിൽ നിന്ന് ഒന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് പലതവണ മുടങ്ങി. പിന്നാലെ കഴിഞ്ഞ ദിവസം ബാങ്ക് ഹിയറിംഗ് വെച്ചു.
തുടർന്ന് വൈശാഖും അമ്മ ഓമനയും ഹിയറിങ്ങിൽ പങ്കെടുത്ത് തിരിച്ചടവിന് ഒരു മാസത്തെ സാവകാശം ചോദിച്ചിരുന്നു. എന്നാൽ സാവകാശം നൽകാൻ ബാങ്ക് തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
കയർ തൊഴിലാളി ആയിരുന്നു വൈശാഖ്. നടുവേദനയെ തുടർന്ന് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നതിനിടെയാണ് ബാങ്കിന്റെ ജപ്തി നോട്ടീസ് വീട്ടിൽ എത്തിയത്.
കാൻസർ രോഗിയായ കുട്ടി അടക്കം പെരുവഴിയിൽ
തിരുവനന്തപുരം: വീട്ടുകാരെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത് പൂട്ടി സ്വകാര്യ ധനമിടപാട് സ്ഥാപനം. കാന്‍സര്‍ ബാധിച്ച കുട്ടി ഉള്‍പ്പെടുന്ന കുടുംബമാണ് പെരുവഴിയിലായത്.
തിരുവനന്തപുരം വിതുര കൊപ്പം സ്വദേശി സന്ദീപിന്റെ വീടാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനം ഇന്ന് ഉച്ചയോടെ ജപ്തി ചെയ്തത്.
ഇതോടെ കാന്‍സര്‍ ബാധിച്ച കുട്ടിയുടെ മരുന്ന് അടക്കം വീടിനുള്ളിലായെന്ന് കുടുംബം പരാതിപ്പെട്ടു. തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി പൂട്ട് തകര്‍ത്ത് ആണ് വീട്ടുകാരെ അകത്ത് കയറ്റിയത്.
2019 ലാണ് സന്ദീപ് ധനകാര്യസ്ഥാപനത്തില്‍ നിന്ന് 40 ലക്ഷത്തിലേറെ രൂപ വായ്പയെടുത്ത് കട തുടങ്ങിയത്. എന്നാൽ കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞതോടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായി.
പലിശ മാത്രമായി 10 ലക്ഷം രൂപയോളം ബാങ്കിന് നല്‍കാനുണ്ട്. ഇതിനിടയില്‍ 10 വയസ്സുള്ള മകനു ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ചികിത്സാച്ചെലവ് ഉള്‍പ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം.
വീട് വിറ്റ് പണം തിരിച്ചടയ്ക്കാമെന്ന് സന്ദീപ് പറഞ്ഞെങ്കിലും അതു കേൾക്കാതെ ധനകാര്യസ്ഥാപനം ജപ്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധി മൂലമാണ് വായ്പാ തിരിച്ചടവ് വൈകിയതെന്ന് സന്ദീപ് പറയുന്നു. ‘‘കോവിഡ് ആയപ്പോള്‍ കടയില്‍ കച്ചവടം കുറഞ്ഞു. അതിനിടെയാണ് കുഞ്ഞിന് അസുഖം വന്ന് ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നത്.
ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ നില്‍ക്കേണ്ടി വന്നതിനാല്‍ തന്നെ പിന്നെ കട തുറക്കാന്‍ പറ്റിയില്ല. പിന്നീട് കുറച്ചു പണം തിരിച്ചടച്ചു. എന്നാൽ ബാങ്കിനോടു കൂടുതല്‍ സമയം ചോദിച്ചെങ്കിലും കിട്ടിയില്ല.
കുഞ്ഞിനെ വേറെ ഒരിടത്തും കൊണ്ടുപോയി കിടത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഇപ്പോഴും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി സാവകാശം വേണം.
കുഞ്ഞിന്റെ അവസ്ഥയാണ് പ്രധാനപ്പെട്ടത്. ബാധ്യത തീര്‍ക്കാന്‍ ആറു മാസം കൂടിയെങ്കിലും സമയം കിട്ടണം’’ – എന്നും സന്ദീപ് പറഞ്ഞു.
Summary: In Alappuzha’s Kanichukulangara, a young man ended his life following threats of property confiscation.









