രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി
പാലക്കാട്: ലൈംഗികാരോപണങ്ങളെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ശേഷം ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാടെത്തി. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് എംഎല്‍എ മണ്ഡലത്തിലെത്തിയത്.
മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് രാഹുലെത്തിയത്. മണ്ഡലത്തിൽ എത്തിയതിനു പിന്നാലെ ഇന്ന് രാവിലെ 10.30ന് മാധ്യമങ്ങളെ കാണുമെന്ന് രാഹുല്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് യാത്ര തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപത്തേക്ക് എത്തിയിരുന്നു.
അതേസമയം രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചന കണക്കിലെടുത്ത് എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സ്ത്രീകളെ ശല്യം ചെയ്തത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ക്രൈം ബ്രാഞ്ച് സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു.
യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന ആരോപണത്തില്‍ ഉള്‍പ്പെടെ നിലവില്‍ പൊലീസ്, ബാലാവകാശ കമ്മീഷന്‍, വനിത കമ്മീഷന്‍ എന്നിവയില്‍ പരാതി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആയിരുന്നു പൊലീസ് നിയമോപദേശം തേടിയത്.
തുടർന്ന് കേസ് ഉള്‍പ്പെടെ എടുത്ത് മുന്നോട്ട് പോകാനായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം.
നിലവില്‍ രാഹുലിന് എതിരായി ഒന്നിലധികം വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നെങ്കിലും പരാതികള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ നിയമ നടപടിയിലേക്ക് പോകാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചിരുന്നത്.
എന്നാല്‍, ഇപ്പോൾ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിലപാട് ശക്തമാക്കിയ സാഹചര്യത്തിലാണ് നീക്കം.
Summary: After 38 days, Rahul Mamkoottathil MLA returned to Palakkad for the first time following controversies related to sexual allegations.









