മലയാളി ജവാൻ മരിച്ച നിലയിൽ
തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിലായിരുന്നു ബാലു.
അതേസമയം മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം
ആലപ്പുഴ: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കായികതാരം മരിച്ചു. ആലപ്പുഴ കലവൂരിലാണ് അപകടം ഉണ്ടായത്. ആലപ്പുഴ സ്വദേശിനി ലക്ഷ്മിലാൽ (18)ആണ് മരിച്ചത്.
സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. സ്കൂട്ടറും ട്രെയിലറും കൂട്ടിയിടിക്കുകയായിരുന്നു. കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം നടന്നത്.
ലക്ഷ്മിയും സുഹൃത്തായ വിനീതയും കായിക പരിശീലനത്തിനായി മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര സ്‌റ്റേഡിയത്തിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന വിനീതയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
ആലപ്പുഴ നഗരസഭ പൂന്തോപ്പ് സ്വദേശി വള്ളിക്കാട് മണിലാലിന്റെ മകളാണ് മരിച്ച ലക്ഷ്മി ലാൽ.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അപകടം; ബൈക്ക് യാത്രികൻ മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു.
പുളിങ്കൂടി ആഴിമലക്ക് സമീപം പരേതരായ കരുണാകരന്റെയും ശ്യാമളയുടെയും മകൻ വിനോദ്(43) ആണ് മരിച്ചത്.
ഉത്രാടദിവസം രാത്രിയിൽ 7.30 ഓടെ ചൊവ്വ പഴയ എസ്.ബി.ടി ഓഫീസിന് സമീപമായിരുന്നു അപകടം.
ചൊവ്വരയിൽ നിന്ന് വരുകയായിരുന്ന വിനോദിന്റെ സ്‌കൂട്ടറിൽ മുല്ലൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
അപകടത്തിൽ വിനോദിന്റെ ഇടതുകാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഇത് പിന്നീട് മുറിച്ചുമാറ്റിയിരുന്നു.
ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. വിഴിഞ്ഞം പോലീസ് കേസെടുത്തു.
Summary: Malayali jawan Balu S from Nemom, Thiruvananthapuram, was found dead in a swimming pool at the military academy in Dehradun. His body was recovered from the pool under mysterious circumstances.