അസുഖ ബാധിതനായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്; ഇടമലക്കുടിയിൽ പനി ബാധിച്ച് 5 വയസുകാരൻ മരിച്ചു
ഇടമലക്കുടി: കടുത്ത പനിയും വയറിളക്കവും ബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം കൂടല്ലാർകുടി സെറ്റിൽമെന്റിൽ മൂർത്തിയുടെയും ഉഷയുടെയും മകൻ കാർത്തിക് ആണ് മരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പനിയും വയറിളക്കവും ബാധിച്ച് അവശനായ കുട്ടിയെ മഞ്ചലിൽ ചുമന്നു കൊണ്ടാണ് ആനക്കുളത്തെത്തിച്ചത്. തുടർന്ന് ആനക്കുളത്തുനിന്നു വാഹനത്തിൽ ശനിയാഴ്ച വൈകിട്ടോടെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് കാർത്തിക്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
മഴ പെയ്തതിനു പിന്നാലെ റോഡ് ഗതാഗതയോഗ്യമല്ലാതായെന്ന് നാട്ടുകാർ പറഞ്ഞു. ഇടമലക്കുടിയിലേക്ക് വാഹനം സഞ്ചരിക്കാൻ കഴിയുന്ന വഴിസൗകര്യമില്ലാത്തതിനാൽ 13 കിലോമീറ്റർ ചുമന്നാണ് കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനായി കൂടല്ലാർകുടിയിലേക്ക് എത്തിച്ചത്.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് ബത്തേരി സ്വദേശിയായ 45 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി ഉയർന്നു. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 47 കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച്ച മരിച്ച ഒന്‍പത് വയസുകാരി അനയയുടെ സഹോദരനായ ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലാണ്.
Summary: A 5-year-old boy died due to severe fever and diarrhea in Idukki, Kerala. The tragic incident occurred at Kudallarkudy Settlement, where Karthik, son of Moorthy and Usha, passed away.









