ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും…നാളെ ചിങ്ങം 1; ഗുരുവായൂരിൽ 160 വിവാഹങ്ങൾ
ഗുരുവായൂർ: ചിങ്ങ മാസം ഒന്നാം തീയതിയായ നാളെ ഗുരുവായൂരിൽ 160 വിവാഹങ്ങൾ. ചിങ്ങമാസത്തിൽ മാത്രം ഇതുവരെ ബുക്ക് ചെയ്തത് 1531 വിവാഹങ്ങൾ ആണ്. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 15 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ 5 മണ്ഡപങ്ങളിലായി നടക്കുന്ന വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. ഈ മാസം 31നാണ് ഏറ്റവും അധികം വിവാഹം ബുക്ക് ചെയ്തിരിക്കുന്നത്. 190 വിവാഹങ്ങളാണ് അന്നേദിവസം നടക്കുക.
ഒന്നാം ഓണ ദിനമായ സെപ്റ്റംബർ നാലിന് 87 വിവാഹങ്ങളുണ്ട്. തിരുവോണ ദിവസം 5 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കർക്കിടകം കഴിയുന്നതോടെയാണ് ഗുരുവായൂരിൽ വിവാഹ സീസൺ ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ ഇല്ലംനിറ, തൃപുത്തിരി, ഉത്രാടക്കാഴ്ച, തിരുവോണ സദ്യ, അഷ്ടമി രോഹിണി ആഘോഷങ്ങൾ ഈ മാസം ആണ് നടക്കുന്നത്.
ഈ ദിവസങ്ങളിൽ ദർശനത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരും. വേഗത്തിൽ ദർശനത്തിനായുള്ള ആയിരം രൂപയുടെ നെയ്യ് വിളക്ക് വാങ്ങാനും തിരക്കുണ്ടാകും. ചോറൂണുകൾ, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ചിങ്ങമാസത്തിൽ കൂടുതലായിരിക്കും. ക്ഷത്രത്തിൽ പുലർച്ചെ മുതൽ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി ഭക്ഷണവും ഉണ്ടാകും.
കല്യാണപൂരത്തിനൊരുങ്ങി ഗുരുവായൂരമ്പല നട; താലിക്കെട്ടിന് പ്രത്യേക സജ്ജീകരണങ്ങൾ, നിയന്ത്രണങ്ങൾ ഇങ്ങനെ
ഗുരുവായൂർ: റെക്കോർഡ് വിവാഹങ്ങൾ നടക്കുന്ന ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി ദേവസ്വം. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. 354 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സെപ്റ്റംബർ 8 ഞായറാഴ്ച ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ അറിയിച്ചു.
പുലർച്ചെ നാലു മണി മുതൽ കല്യാണങ്ങൾ ആരംഭിക്കും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. മണ്ഡപങ്ങളെല്ലാം ഒരു പോലെ അലങ്കരിക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ആറ് ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം 2 മംഗളവാദ്യസംഘത്തെ നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള താൽക്കാലികപന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം.
താലികെട്ട് ചടങ്ങിന്റെ സമയമാകുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കുകയുള്ളു. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ദർശന ക്രമീകരണം
ക്ഷേത്രത്തിൽ അന്നേ ദിവസം ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പുലർച്ചെ നിർമ്മാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദർശനത്തിനുള്ള പൊതുവരി ക്ഷേത്രം വടക്കേ നടയിലൂടെ, പടിഞ്ഞാറേ കോർണർ വഴി ക്യൂ കോംപ്‌ളക്‌സിനകത്തേക്ക് കയറ്റി വിടും. ദർശന ശേഷം ഭക്തർക്ക് ക്ഷേത്രം പടിഞ്ഞാറേ നടവഴി, തെക്കേ തിടപ്പളളി വാതിൽ (കൂവളത്തിന് സമീപം) വഴി മാത്രമേ പുറത്തേക്ക് പോകാൻ പാടുള്ളു. ഭഗവതി ക്ഷേത്രപരിസരത്തെ വാതിൽ വഴി ഭക്തരെ പുറത്തേക്ക് വിടില്ല.
കിഴക്കേ ഗോപുരം വഴി ജനറൽ ക്യൂ
ദീപസ്തംഭം വഴി തൊഴാനെത്തുന്നവരെ കിഴക്കേ നടയിലെ ക്യൂ കോംപ്ലക്‌സ് വഴി മാത്രം കടത്തിവിടും. വിവാഹ തിരക്ക് പരിഗണിച്ച് കിഴക്കേ നടയിലും മണ്ഡപങ്ങളുടെ സമീപത്തേക്കും ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.
പുറത്ത് നിന്നുള്ള ദർശന സൗകര്യം
ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് മുന്നിൽ നിന്നു തൊഴാനെത്തുന്ന ഭക്തർ ക്യൂ കോംപ്‌ളക്‌സിൽ പ്രത്യേകം ഏർപ്പെടുന്ന ലൈൻ വഴി കിഴക്കേ ഗോപുര സമീപം വന്ന് ദീപസ്തംഭത്തിന് സമീപമെത്തി തൊഴുത് തെക്കേ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
ശയനപ്രദക്ഷിണം ഉണ്ടാകില്ല
ഭക്തർക്ക് സുഗമമായ ദർശനമൊരുക്കുന്നതിനായി സെപ്റ്റംബർ എട്ട് ഞായറാഴ്ച ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
സുരക്ഷയ്ക്ക് കൂടുതൽ പൊലീസ്
ക്ഷേത്ര ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരും സെപ്റ്റംബർ എട്ടിനു ഉണ്ടാകും. തിരക്ക് നിയന്ത്രിക്കാനും ഭക്തജനങ്ങൾക്ക് സുരക്ഷയൊരുക്കാനും അവർ സേവന സജ്ജരായി രംഗത്തുണ്ടാകും.
വാഹനങ്ങൾ ശ്രീകൃഷ്ണ സ്‌കൂൾ മൈതാനത്തും പാർക്ക് ചെയ്യാം
സെപ്റ്റംബർ എട്ടിന് , ഗുരുവായൂരിൽ എത്തുന്ന ഭക്തജനങ്ങളുടെ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയത്തിന് പുറമെ, മമ്മിയൂർ ജംഗ്ഷന് സമീപത്തെ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്‌കൂൾ മൈതാനവും സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങൾ റോഡരുകിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ ഭക്തജനങ്ങൾ സഹകരിക്കണം.
English Summary:
In Guruvayur Temple, 1,531 weddings have been booked for the Chingam month. On August 17 alone, 160 marriages will take place across five mandapams, with the highest number of 190 weddings scheduled for August 31.