പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണം; ഉത്തരവിൽ മാറ്റം വരുത്തി ഹൈക്കോടതി
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന ഉത്തരവ് തിരുത്തി ഹൈക്കോടതി. ദേശീയപാതയോരങ്ങളിലുള്ള പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് കോടതി പുതിയ ഉത്തരവിറക്കി.
സുരക്ഷാ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ദേശീയപാതയിൽ മുഴുവൻ സമയവും യാത്രക്കാർക്ക് തുറന്നു കൊടുക്കണമെന്നും കോടതി നിർദേശം നൽകി. അതുപോലെ തന്നെ മറ്റിടങ്ങളിലും കസ്റ്റമേഴ്സിനും ദീർഘദൂര യാത്രക്കാർക്കും ശുചിമുറികൾ തുറന്നുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പെട്രോളിയം വ്യാപാരികളുടെ സംഘടന നല്‍കിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നത്. പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണെന്നും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാണുള്ളതാണെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല
കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു സംവിധാനമായി കാണാനാകില്ലെന്ന് കോടതി അറിയിച്ചു.
ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കൾക്കുള്ളതാണെന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ഹർജിയിലാണ് നടപടി.
ശുചിമുറി വിഷയത്തിൽ തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷൻ, സംസ്ഥാന സർക്കാർ എന്നിവർ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു പമ്പുടമകളുടെ സംഘടന കോടതിയെ സമീപിച്ചത്.
പമ്പുടമകൾ സ്വന്തം ചെലവിൽ ശുചിമുറികൾ നിർമ്മിച്ച് പരിപാലിക്കുന്നത് ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ്. പൊതുജനം വലിയ രീതിയിൽ ഈ സേവനം ഉപയോഗിക്കാൻ ശ്രമിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ഹർജിക്കാരുടെ വാദം.
ഇത് അംഗീകരിച്ച കോടതി പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് നിർദേശിക്കാൻ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.
സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ശുചിമുറികൾ നിർമ്മിക്കണം
ഈ ഹർജി പരിഗണിക്കുന്നതിനിടെ സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ശുചിമുറികൾ നിർമ്മിക്കണം എന്ന് നേരത്തെ തന്നെ തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷന് കോടതി നിർദ്ദേശം നൽകിയിരുന്നു.
പമ്പുകളിലെ ശുചിമുറി ഉപയോഗം ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകൾക്ക് മാത്രമായി നിയന്ത്രിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം.
പെട്രോൾ പമ്പുകളിൽ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ടൊയ്റ്റുലറ്റുകൾ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ പ്രകാരം സംരക്ഷണം ലഭിക്കേണ്ട സ്വകാര്യ സ്വത്തിൽ ഉൾപ്പെടുന്നതാണ്.
2002 ലെ പെട്രോളിയം ആക്ട്, പെട്രോളിയം റൂൾസ് എന്നിവയിലെ പ്രത്യേക വ്യവസ്ഥകൾ പ്രകാരം ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പൊതു ടോയ്ലറ്റുകളായി പരിവർത്തനം ചെയ്യാനോ ചിത്രീകരിക്കാനോ അധികാരികൾക്ക് അധികാരമില്ലെന്ന് ഉത്തരവിറക്കണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
സൗജന്യമായി ലഭിക്കാൻ അർഹതയുള്ള അഞ്ച് സേവനങ്ങൾ
തിരുവനന്തപുരം: പെട്രോൾ പമ്പിലെത്തുന്ന ഉപഭോക്താവിന് അഞ്ച് സേവനങ്ങൾ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അത് സൗജന്യമായും തൃപ്തികരമായും ലഭിച്ചില്ലെങ്കിൽ പരാതി കൊടുക്കാം. ഉടൻ നിയമ നടപടിയുണ്ടാകും.
കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പിലെ ടോയ്‌ലെറ്റ് തുറന്നു നൽകാത്തതിനെ തുടർന്ന് അദ്ധ്യാപിക ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് പരാതി നൽകിയതിനെ തുടർന്ന് പമ്പുടമയ്ക്കെതിരെ 1.65 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ഉപഭോക്തൃ കാര്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പമ്പുകളിൽ വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഉപഭോക്തൃ കമ്മിഷണർ മുഹമ്മദ് ഷെഫീക്ക് ഇത്തരം പരിശോധനകൾ ഏകോപിപ്പിക്കും.
ടോയ്‌ലെറ്റുകൾ ഉണ്ടായാൽ മാത്രം പോര, അത് വൃത്തിയായി സൂക്ഷിക്കാനും വെള്ളം ഉൾപ്പെടെ ഉറപ്പാക്കാനും പമ്പുടമകൾ ബാദ്ധ്യസ്ഥരാണ്.
English Summary :
The High Court has ordered that toilets at petrol pumps along national highways must be open to the public, amending its earlier directive.
petrol-pump-toilets-public-access-hc-order
High Court, Petrol Pump, Public Toilets, National Highway, India News, Court Order, Public Facilities, Kerala