തിരുവനന്തപുരം:സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. ആദ്യം മുഖ്യമന്ത്രി പറയേണ്ടത് ഉമ്മൻചാണ്ടിയോടുള്ള മാപ്പാണെന്നും വിശ്വാസ്യത ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ വി.എസ് ഉൾപ്പെടെയുള്ളവർ ഹീനമായി ഉമ്മൻചാണ്ടിയെ വ്യക്തിഹത്യ നടത്തിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയേയും ഇടത് പക്ഷത്തേയും രൂക്ഷമായ ഭാഷയിൽ ഷാഫി പറമ്പിൽ വിമർശിച്ചു .സോളാർ ഒരു രാഷ്ട്രീയ ദുരന്തമാണെന്നും ഉമ്മൻ ചാണ്ടിയെ നിയമസഭയിൽ ഉൾപ്പെടെ ക്രൂരമായി ഇടതുപക്ഷം വേട്ടയാടിയെന്നും പിണറായി വിജയന് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണ് ഉള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞു .അന്ന് പുറത്ത് വന്നുവെന്ന് പറയപ്പെട്ട കത്തിന്റെ പുറത്തായിരുന്നു അരോപണങ്ങളത്രയും ഉയർത്തിയത്. കത്തിന്റെ പുറത്താണ് ഉമ്മൻചാണ്ടിക്കെതിരെ ആരോപണം തിരിച്ചു വിട്ടത്. ജയിലിൽ വച്ച് പരാതിക്കാരി എഴുതിയ കത്തിൽ പിന്നീട് പേജുകളുടെ എണ്ണം കൂടി. 5 വ്യാജ കത്തുകൾ ഉണ്ടാക്കി ഉമ്മൻ ചാണ്ടിയെ വേട്ടയാടി. അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം പോലും ഉന്നയിച്ചു. അതുകൊണ്ട് മാപ്പ് പറയാതെ പിണറായി അടക്കമുക്കമുള്ളവർ സംസാരിക്കരുത്. വ്യാജ കത്തുകളിൽ പിണറായിയുടെ പങ്ക് പുറത്ത് കൊണ്ടുവരണം,’ വി.എസ്. അച്യുതാനന്ദനെ പോലെയുള്ളവർ ഹീനമായ ഭാഷയിൽ വ്യക്തിഹത്യ നടത്തിയെന്നും കേരളത്തിൽ സൈബർ ആക്രമണത്തിന്റെ തുടക്കം സോളാറിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.