കോട്ടയം: വൈക്കത്ത് ചെമ്പിൽ വള്ളം മറിഞ്ഞ് അപകടം. 20 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. ഒരാൾ ഒഴികെ എല്ലാവരെയും രക്ഷപ്പെടുത്തി. ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ മുറിഞ്ഞപുഴയിലാണ് സംഭവം. മരണ വീട്ടിലേക്ക് വന്ന് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പാണാവള്ളിയിൽ നിന്ന് വന്നവരാണിവർ. തീരത്ത് നിന്ന് വള്ളം നീങ്ങി അൽപ്പസമയത്തിന് ശേഷമാണ് വള്ളം ഒഴുക്കിൽപ്പെട്ട് മറിഞ്ഞത്. പാണാവള്ളിയിൽ നിന്ന് കാട്ടിക്കുന്നിലേക്കുള്ള എളുപ്പ മാർഗം എന്ന നിലയിലാണ് ആളുകൾ വള്ളത്തിൽ പോയത്. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വള്ളം മറിഞ്ഞ് 2 യുവാക്കൾ മരിച്ചു
പത്തനംതിട്ട: മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിലാണ് അപകടമുണ്ടായത്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ് മരിച്ചത്.ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനുള്ള തെരച്ചിലാണ് തുടരുന്നത്.
വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് സംഭവം. വെള്ളം കയറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്.മൂന്നുപേരാണ് മീൻ പിടിക്കാനായി വള്ളത്തിൽ പോയത്. രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ഇവരിൽ ആർക്കും നീന്തലറിയില്ലായിരുന്നു. ഇവരെ കാണാനില്ലെന്ന വിവരം കേട്ടയുടനെ തിരയാൻ പോവുകയായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധു പറഞ്ഞു. തെരച്ചിലിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ 8 പേരും സുരക്ഷിതർ; ഒരാൾക്കായി തെരച്ചിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ 8 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. തമിഴ്നാട് കുളച്ചലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.ഇവർ പോയ ബോട്ട് ശക്തമായ തിരയിൽ തകർന്നിരുന്നു. എന്നാൽ ആദ്യ അപകടത്തിൽ കാണാതായ സ്റ്റെല്ലസിനെ ഇനിയും കണ്ടെത്താനായിട്ടില്ല. മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്.
3 വള്ളങ്ങളിലായാണ് 9 പേർ പോയത്. എന്നാൽ ഇവർ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. എന്നാൽ കടൽക്ഷോഭവും ശക്തമായ കാറ്റും തെരച്ചിൽ ദുഷ്കരമാക്കി.
രാത്രി വൈകിയും കോസ്റ്റ്ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു. സഹായമാത, ഫാത്തിമമാത എന്നീ ബോട്ടുകളിലെ തൊഴിലാളികളെയാണ് ഇപ്പോൾ കണ്ടെത്തിയത്.അനു എന്ന വള്ളത്തിലെ മത്സ്യതൊഴിലാളി തഥേയൂസിന്റെ മൃതദേഹം ഇന്നലെ പൂവാറാർ തീരത്ത് നിന്ന് കിട്ടിയിരുന്നു. വിഴിഞ്ഞം സ്വദേശിയാണ് കാണാതായ സ്റ്റെലസ്സ്.
കോഴിക്കോട് മൽസ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; സംഭവം വള്ളം പുലിമുട്ടിൽ ഇടിച്ചതിനെത്തുടർന്ന്
കോഴിക്കോട് മൽസ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു സംഭവം. പുലിമുട്ടിൽ ഇടിച്ചതിനെത്തുടർന്ന് വള്ളം മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.ഇന്ന് രാവിലെ കോഴിക്കോട് കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ മറ്റൊരു വള്ളവും മറിഞ്ഞിരുന്നു. ഗരുഡ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ അസീസ്, ഷിനു, സന്തോഷ് എന്നിവർ കടലിലേയ്ക്ക് വീണു.ഈ സംഭവം കണ്ട മറ്റൊരു തോണിയിലുണ്ടായിരുന്നവർ കടലിൽ വീണ മൽസ്യത്തോഴിലാളികളെ രക്ഷിക്കുകയായിരുന്നു. ഹംസയ്‌ക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന മാറ്റ് ആളുകളെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ENGLISH SUMMARY:
A traditional boat carrying 20 people capsized in Murinjapuzha near Vaikom. All except one were rescued and taken to the hospital. The group was returning from a funeral when the mishap occurred.