കാലാവധി കഴിഞ്ഞ ജ്യൂസ്, ഭക്ഷണത്തിൽ ചത്ത പല്ലി…
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിൽ യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ ഗുരുതരമായ വീഴ്ചകൾ ആരോപിക്കപ്പെട്ട പശ്ചാത്തലത്തിൽ, നേരിട്ട് ഇടപെട്ട് കേരള മനുഷ്യാവകാശ കമ്മീഷൻ. ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിൽ ഗുണനിലവാരം ഉറപ്പാക്കണമെന്ന് കമ്മീഷന്റെ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഭക്ഷണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
കാലാവധി കഴിഞ്ഞ ജ്യൂസ്
മെയ് 25-ന് മംഗലാപുരം–തിരുവനന്തപുരം റൂട്ടിൽ യാത്ര ചെയ്തവർക്കാണ് പ്രഭാതഭക്ഷണത്തിനൊപ്പം വിതരണം ചെയ്ത ജ്യൂസിന്റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ, മനുഷ്യാവകാശ കമ്മീഷൻ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിച്ചു.
റെയിൽവേ അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ച പാലക്കാട് ഡിവിഷണൽ മാനേജർ, ‘മാസാ’ ബ്രാൻഡിന്റെ ജ്യൂസാണ് കാലാവധി കഴിഞ്ഞതെന്ന് തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്തതായി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാറ്ററിങ് ചുമതലയുള്ള ബ്രിന്ദാവൻ ഫുഡ് പ്രോഡക്ട്സിന് ₹1 ലക്ഷം പിഴ ചുമത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണത്തിൽ ചത്ത പല്ലി
ഇത്തോടൊപ്പം മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം പോയ വന്ദേഭാരത് ട്രെയിനിന്റെ C-5 കോച്ചിലെ 75-ാം നമ്പർ സീറ്റിലിരുന്ന യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിൽ ചത്ത പല്ലി കണ്ടെത്തിയതും വലിയ വിവാദമുണ്ടാക്കിയിരുന്നു. ഈ യാത്രക്കാരൻ ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
സഹയാത്രികരുടെ വെളിപ്പെടുത്തലുകൾ പ്രകാരം, ട്രെയിൻ എറണാകുളത്ത് നിൽക്കുമ്പോഴാണ് ഭക്ഷണം വിതരണം ചെയ്തത്. അതേസമയം, പല്ലി കണ്ടകാര്യം ആദ്യം പരസ്യമായി പറഞ്ഞില്ലെന്ന് യാത്രക്കാർ പറയുന്നു. പിന്നീട്, കാറ്ററിങ് മാനേജറെ വിളിച്ചെങ്കിലും അദ്ദേഹം ചത്ത പല്ലിയാണെന്നത് സ്ഥിരീകരിച്ചുവെങ്കിലും, അത് മറ്റ് യാത്രക്കാർക്ക് കാണിക്കാൻ ഇയാൾ തയ്യാറായില്ല.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും, യാത്രക്കാർക്ക് നൽകുന്ന ഭക്ഷണ ഗുണനിലവാരം കർശനമായി നിയന്ത്രിക്കണമെന്നും, കാറ്ററിങ് ഏജൻസികൾക്കായി റെയിൽവേ കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കണമെന്നും മാനവാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’
ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തി. ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കാരന് നൽകിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്.
എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ കറിയിൽ കറുത്ത പ്രാണി പൊങ്ങിക്കിടക്കുന്ന ചിത്രം യാത്രക്കാരൻ പങ്കു വെച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
22440 നമ്പർ വണ്ഡേഭാരത്തിലെ സി3 കോച്ചിലെ സീറ്റ് നമ്പർ 53-ലെ യാത്രക്കാരനാണ് കറിയിൽ നിന്ന് പ്രാണിയെ കിട്ടിയത്. അതേസമയം യാത്രക്കാരൻ ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ ക്ഷണാപണം നടത്തി റെയിൽവേ രംഗത്തെത്തി.
റെയിൽവേ സേവയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ക്ഷമാപണം നടത്തിയത്. ചിത്രങ്ങൾ വൈറലായതോടെ നിരവധിയാളുകളാണ് വിവിധ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ കാറ്ററിങ് സേവനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ഭക്ഷണ വിൽപ്പനക്കാരുടെ മേൽ കർശനമായ മേൽനോട്ടം വേണമെന്നും പൊതു ജനം ആവശ്യപ്പെട്ടു.
ശുചിത്വ ഓഡിറ്റുകൾ പതിവാക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും ആണ് ചിലർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വ മാനദണ്ഡങ്ങളെയും കുറിച്ച് വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ വർഷം ഇതേ ട്രെയിനിൽ വെച്ച് ഒരു യാത്രക്കാരന് സാമ്പാറിൽ നിന്ന് പ്രാണികളെ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലായ് ഏഴാം തീയതി തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ചത്ത പല്ലിയെയും കണ്ടെത്തിയിരുന്നു.
യാത്രക്കാരൻ കഴിച്ച കറിയിൽ നിന്നാണ് പല്ലിയെ കിട്ടിയത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
English Summary:
Following serious complaints about the quality of food served on Vande Bharat trains, the Kerala State Human Rights Commission has intervened. Judicial Member K. Baijunath stressed the importance of ensuring food safety for passengers and called for strict action against any future violations.









