തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പുതിയ പ്രവചനം. ഈ രണ്ട് ജില്ലകളിലും രാവിലെ ഗ്രീൻ അലർട്ട് ആയിരുന്നു.
അതേസമയം കണ്ണൂർ, കാസർകോട്, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്തിനും കൊല്ലത്തിനും പുറമേ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
സംസ്ഥാനത്ത് മണിക്കൂറിൽ 50 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ 22–ാം തീയതി വരെ മത്സ്യതൊഴിലാളികൾ കടലിൽപോകരുതെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 24–ാം തീയതിയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപമെടുക്കാനും മഴകനക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പെയ്ത കനത്ത മഴയിൽ താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി ആനപ്പാറപ്പൊയിലിൽ രാധ എന്ന വീട്ടമ്മയുടെ വീടിന്റെ പിൻഭാഗത്തെ ഭിത്തി പൂർണ്ണമായും തകർന്നു.
മൺകട്ടകൾ കൊണ്ട് നിർമ്മിച്ച വീടിന്റെ അടുക്കള ഭാഗമാണ് പൂർണ്ണമായി തകർന്നടിഞ്ഞത്. ഇതോടെ ഈ വീട് വാസയോഗ്യമല്ലാതായി.
രാധയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം ഇപ്പോൾ എവിടെ താമസിക്കണമെന്നറിയാതെ വിഷമിക്കുകയാണ്.
മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന് കാലപ്പഴക്കമുണ്ടായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ പലതവണ അപേക്ഷ നൽകിയിട്ടും തങ്ങളുടെ അപേക്ഷ പരിഗണിക്കപ്പെട്ടില്ലെന്ന് കുടുംബം അറിയിച്ചു.
സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്; നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് വിവധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്.
അപകടകരമായ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പ്.
കോഴിക്കോട്- കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ), കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ), കണ്ണൂരിലെ പെരുമ്പ (കൈതപ്രം സ്റ്റേഷൻ), കാസറഗോഡിലെ ഷിറിയ (അംഗഡിമൊഗർ സ്റ്റേഷൻ), ഉപ്പള (ഉപ്പള സ്റ്റേഷൻ), നിലേശ്വരം (ചായോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) തുടങ്ങിയിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ്. വയനാട്ടിലെ കബനി (മുത്തങ്ങ സ്റ്റേഷൻ), കോഴിക്കോട്ടെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), കണ്ണൂർ- അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷൻ & മെരുവമ്പായി സ്റ്റേഷൻ), കവ്വായി (വെള്ളൂർ റിവർ സ്റ്റേഷൻ), കാസറഗോഡ് ഉപ്പള (ആനക്കൽ സ്റ്റേഷൻ), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷൻ), കാര്യംക്കോട് (ഭീമനാടി സ്റ്റേഷൻ) എന്നീ തീരങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
English Summary :
Rain alert revised in the state for Thiruvananthapuram and Kollam districts. A yellow alert has been issued for both districts