കണ്ണൂര്‍: ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു. കണ്ണൂർ വളപട്ടണം പാലത്തിൽ നിന്നാണ് ഇരുവരും ചാടിയത്. യുവാവിനായി തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അന്നേ ദിവസം രാവിലെ എട്ടോടെ മുപ്പത്തഞ്ചുകാരിയായ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങി പോയെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
യുവാവിനെ കാണാനില്ലെന്ന പരാതി തിങ്കളാഴ്ച കിട്ടിയതായും ബേക്കല്‍ പോലീസ് അറിയിച്ചു. പന്തല്‍ ജോലിക്കാരനായ യുവാവിനൊപ്പമാണ് ഭര്‍തൃമതി കണ്ണൂരിലെത്തിയത്.
ഇരുവരും ചേർന്ന് വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി ഞായറാഴ്ച അര്‍ധരാത്രിയോടെ വളപട്ടണം പാലത്തിലെത്തി.
വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തില്‍ നിന്ന് ആണ്‍സുഹൃത്തും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാൽ നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍ അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി.
ഈ സമയത്ത് തോണിയില്‍ മീന്‍പിടിക്കുകയായിരുന്നവര്‍ അവശനിലയില്‍ കണ്ട യുവതിയെ കരയ്‌ക്കെത്തിച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രാഥമിക ചികിത്സ നൽകിയ ശേഷം ആരോഗ്യം വീണ്ടെടുത്ത യുവതിയെ ബേക്കല്‍ പോലീസ് കൊണ്ടുപോയി കോടതിയില്‍ ഹാജരാക്കി.
യുവാവിനായി അഗ്‌നിരക്ഷാസേനയും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വളപട്ടണം പോലീസും തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
Summary: young woman jumped into the river along with her male friend from Valapattanam bridge in Kannur and swam to safety. Search operations are ongoing for missing youth.