തൃശൂർ: അവിവാഹിതരായ മാതാപിതാക്കൾ നവജാതശിശുക്കളെ കുഴിച്ചുമൂടി. തൃശൂർ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്.
ഇന്ന് പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.
ചോദ്യം ചെയ്യലിൽ മൂന്നു വർഷം മുമ്പാണ് ആദ്യത്തെ കുട്ടിയെ കുഴിച്ചു മൂടിയെന്നാണ് വെളിപ്പെടുത്തൽ. അവിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചു. യുവതി സ്വന്തം വീട്ടിലെ ശുചിമുറിയിൽ വെച്ചായിരുന്നു പ്രസവിച്ചത്.
എന്നാല്‍ പ്രസവശേഷം കുട്ടി മരിച്ചതായും, കുഞ്ഞിനെ കുഴിച്ചിട്ടതായും കാമുകനോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള ദോഷമുണ്ടെങ്കില്‍ പരിഹാര ക്രിയ ചെയ്യണമെന്നും, അതിനായി കുട്ടിയുടെ അസ്ഥി പെറുക്കി സൂക്ഷിക്കണമെന്നും പറഞ്ഞു.
തുടർന്ന് കുഞ്ഞിൻ്റെ അസ്ഥി പെറുക്കിയെടുക്കുകയും യുവാവിനെ ഏൽപ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി രണ്ടു വർഷം മുമ്പ് മറ്റൊരു കുഞ്ഞിന് ജന്മം നൽകി. എന്നാൽ ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു.
ഇതോടെ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. ഇയാളുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുണ്ടായിരുന്നു.
സംഭവത്തിൽ പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനേയും 21 കാരിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കാമുകി തന്നിൽ നിന്ന് അകലുന്നു എന്ന സംശയത്തെ തുടർന്ന് കാമുകൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കൂടാതെ യുവതി തന്നെയും കൊല്ലുമെന്ന ഭീതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ കാരണമെന്ന് യുവാവ് പറഞ്ഞതായും പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ എന്താണ് നടന്നതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
Summary: In a shocking incident from Thrissur, unmarried parents allegedly buried their newborn babies.