സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവ് കുറയുന്നതിന്റെ കാരണം തേടി സംസ്ഥാന സർക്കാർ.
ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിലാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവിൽ ഗണ്യമായ കുറവുണ്ടാകുന്നു എന്ന കണ്ടെത്തൽ.
അതേസമയം, ജനനനിരക്കിലെ കുറവാണ് പെതുവിദ്യാലയത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ കുട്ടികൾ കുറയാൻ കാരണമെന്നാണ് പെതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്.
അതേസമയം, പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചേക്കുമെന്നും സൂചനകളുണ്ട്.
16,510 കുട്ടികളുടെ കുറവ്
സംസ്ഥാനത്തെ സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ ഈവർഷം ഒന്നാംക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ 16,510 കുട്ടികളുടെ കുറവാണുണ്ടായിട്ടുണ്ട്.
ഈ അധ്യായന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ച് 2,34,476 കുട്ടികളാണ് ഒന്നാംക്ലാസിൽ ആകെ ചേർന്നത്.
കഴിഞ്ഞ അധ്യായന വർഷം 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസിൽ ഉണ്ടായിരുന്നത്.
എന്നാൽജനനനിരക്കിലെ കുറവാണിതിൽ പ്രതിഫലിച്ചതെന്നാണ് മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.
2010-ൽ ജനിച്ച കുട്ടികളാണ് ഈവർഷം എസ്എസ്എൽസി പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു.
2010-ലെ ജനനനിരക്ക് 15.75 ശതമാനമായിരുന്നു. 2020-ൽ ജനിച്ചവരാണ് ഈവർഷം ഒന്നാംക്ലാസിലെത്തിയിരിക്കുന്നത്.
2020-ലെ ജനനനിരക്ക് 12.77 ശതമാനമാണെന്നും ഇതാണ് ഒന്നാം ക്ലാസിലെ അഡ്മിഷനിൽ പ്രതിഫലിച്ചതെന്നും മന്ത്രി പറഞ്ഞു.
അൺ എയ്ഡഡ് സ്കൂളിൽ ഒന്നാംക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ ഒരുകുട്ടിയുടെ വർധനയേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞവർഷം 47,862 കുട്ടികളായിരുന്നു അൺ എയ്ഡഡിൽ ഒന്നാം ക്ലാസിൽ ചേർന്നതെങ്കിൽ ഈവർഷം ആകെ 47,863 കുട്ടികളാണ് ചേർന്നത്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ രണ്ടുമുതൽ പത്തുവരെ ക്ലാസുകളിലായി കഴിഞ്ഞവർഷം 28,86,607 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.
ഈ വർഷം ആകെ 29,27,513 കുട്ടികളുണ്ട്. മുൻവർഷത്തേക്കാൾ 40,906 കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, പ്രളയത്തിനും കോവിഡിനും ശേഷം പൊതുവിദ്യാലയങ്ങളിൽ കൂടുതലായിവന്ന കുട്ടികൾ പിന്നീട് ടിസി വാങ്ങി മടങ്ങിപ്പോയെന്ന് മന്ത്രി സമ്മതിക്കുന്നു.
പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്!
എന്നാൽ, പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്. മെച്ചപ്പെട്ടനിലയിൽ പൊതുവിദ്യാലയങ്ങളിൽ സമയബന്ധിതമായി കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ വിപുലപ്പെടുത്താനാണു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.
സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട് പ്രകാരമാണ് മെനു പരിഷ്‌കരിക്കുന്നത്.
Read More: ആണവായുധങ്ങൾ കൂടുതൽ ഇന്ത്യയിലോ പാക്കിസ്ഥാനിലോ? എറ്റവും കൂടുതൽ എവിടെ?
മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
വിദഗ്ധ സമിതിയുടെ അഭിപ്രായ പ്രകാരം പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്.
ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കേണ്ടതാണ്.
ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുമെന്നും മന്ത്രി പറഞ്ഞു.
ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം ഇതോടൊപ്പം പരിഗണിച്ചിട്ടുണ്ട്.
വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണെന്നും മന്ത്രി സ്കൂളുകൾക്ക് നിർദേശം നൽകി.
English Summary:
The state government has initiated an inquiry into the declining enrollment of students in public schools across the state