പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്നയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. ആനയുടെ ആക്രമണത്തിൽ വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു.
ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ചീരക്കടവിലെ വന മേഖലയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ പോയ സമയത്താണ് മല്ലനെ ആന ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. വനം വകുപ്പ് രാവിലെ തന്നെ ദൗത്യം ആരംഭിച്ചു.
ധോണിയിലെ അഗസ്റ്റിനെന്ന കുങ്കി ആനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നത്. വാളയാർ റേഞ്ചിൻ്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം തുടങ്ങിയത്.
രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് നിലയുറപ്പിച്ച ആന പ്രദേശത്ത് വലിയ നാശ നഷ്ടം ആണ് വരുത്തിയത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.