കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വേനലവധിക്ക് മുമ്പ് കേസിന്‍റെ അന്തിമ വാദം പൂർത്തിയായിരുന്നു.
എന്നാൽ പ്രതിഭാഗം അന്തിമവാദം സംബന്ധിച്ച് കൂടുതൽ മറുപടി നൽകാൻ ഉണ്ടെന്നും ഇതിനായി സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിചാരണക്കോടതി ഇന്ന് പരിഗണിക്കും.
സമയം അനുവദിച്ചാൽ ഏതാനും ദിവസങ്ങൾ കൂടി പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം അവതരിപ്പിക്കാനാകും. ഇതിന് ശേഷമാകും വിധി പ്രഖ്യാപനം സംബന്ധിച്ച തിയ്യതിയിൽ തീരുമാനമെടുക്കുക.
ഏഴ് വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിൽ നടിയെ ആക്രമിച്ച കേസില്‍ അടുത്തിടെയാണ് വാദം പൂര്‍ത്തിയായത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെയുളള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്.
പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. കേസില്‍ നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പ്രതി ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തളളിയിരുന്നു.
കൂരിയാടിന് പിന്നാലെ ചാവക്കാടും ദേശീയ പാത വിണ്ടുകീറി; പാതിരാത്രി വിള്ളലടച്ച് അധികൃതർ
തൃശൂര്‍: മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ല്‍ വിള്ളല്‍ കണ്ടെത്തി.
മണത്തലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളലുകൾ ടാറിട്ട് മൂടി.
ടാറിങ് പൂര്‍ത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്.
അതേ സമയം ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ മലപ്പുറം കൂരിയാട് വിദഗ്ധസമിതിയുടെ പരിശോധന ഇന്ന് നടക്കും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക.
നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ അത് അവഗണിച്ചെന്ന് ആരോപണമുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ദേശീയപാത അതോറിറ്റിയുടെ തുടര്‍നടപടി. നിര്‍മ്മാണത്തില്‍ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം.
സംസ്ഥാന പൊതുമരാമത്ത് വകുപ്പും അപകട സ്ഥലത്ത് പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയോട് വിവരങ്ങള്‍ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.