ഇടുക്കി കട്ടപ്പന നഗരത്തിൽ ഹോട്ടലിൽ നടന്ന കൂട്ടത്തല്ലിൽ ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. ജഗ്ഗ് ഉപയോഗിച്ചുള്ള അടിയിലാണ് പലർക്കും തലക്ക് പരിക്കേറ്റത്. പുളിയൻമല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം.
ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും കറി ചോദിച്ചപ്പോൾ ഹോട്ടൽ ജീവനക്കാരൻ മുടുപ്പിക്കാനിറങ്ങിയോ എന്നു പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇരുകൂട്ടരും വാക്കേറ്റത്തിൽ ഏർപ്പെടുകയും വാക്കേറ്റം കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.
സംഭവത്തിൽ ഭക്ഷണം കഴിക്കാനെത്തിയ നാലു പേരും ഹോട്ടൽ ജീവനക്കാരായ നാലു പേരും ചികിത്സ തേടി. ആശുപത്രിയിൽ എത്തിയ ശേഷവും ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടായി.
ഹോട്ടലിന് സമീപത്തെ തുണിക്കടയിൽ വിവാഹ വസ്ത്രം വാങ്ങാൻ വണ്ടിപ്പെരിയാർ മ്ലാമലയിൽ നിന്നും എത്തിയവർക്കാണ് പരിക്കേറ്റത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.