ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്തതിന് കഴിഞ്ഞ ദിവസം പിടിയിലായ ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്രയെ കുറിച്ച് ഒരു വർഷം മുമ്പ് തന്നെ ഒരാൾ സമൂഹ മാധ്യമത്തിൽ നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കപിൽ ജെയിൻ എന്നയാൾ തന്റെ പ്രൊഫൈലിൽ എൻ.എ.ഐയെ ടാഗ് ചെയ്തായിരുന്നു ഇത്തരത്തിൽ പോസ്റ്റ് പങ്കുവെച്ചത്. ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ ഹോം പേജിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഈ സ്ത്രീയെ സൂക്ഷിക്കണമെന്ന് കപിൽ ജെയിൻ മുന്നറിയിപ്പ് നൽകിയിരുന്നത്.
ഈ സ്ത്രീയെ എൻ.ഐ.എ നിരീക്ഷിക്കണം. പാകിസ്ഥാൻ എംബസിയിലെ ഒരു ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നു. അതിനുശേഷം 10 ദിവസം ഇവർ പാകിസ്ഥാനിലായിരുന്നു. ഇപ്പോൾ അവർ കശ്മീരിലേക്ക് പോയിരിക്കുകയാണ്.
ഇവ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കണം- കപിൽ ജെയിൻ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു. ജ്യോതി അറസ്റ്റിലായതിന് പിന്നാലെ ഈ പോസ്റ്റും വളരെ വേഗത്തിൽ ചർച്ചകളിൽ നിറയുകയായിരുന്നു.
പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയതിനാണ് ജ്യോതിയെ പിടികൂടിയത്.
മൂന്നു തവണ യുവതി പാകിസ്ഥാൻ സന്ദർശിച്ചതായും പാക് ചാരസംഘടനയിൽപ്പെട്ടവരുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് വെളിപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ പാകിസ്ഥാനെക്കുറിച്ച് നല്ലത് പറയുക എന്ന ചുമതലയും പാക് ഏജൻസികൾ ജ്യോതിയെ ഏൽപ്പിച്ചിരുന്നുവെന്നാണ് സൂചനകൾ.
2023 ലാണ് ഡൽഹിയിൽ വെച്ച് ജ്യോതി പാക് ഹൈക്കമ്മീഷനിലെ ഡാനിഷിനെ പരിചയപ്പെടുന്നത്. ഡാനിഷുമായി സംസാരിക്കുന്നതിന്റെയും സൗഹൃദം പങ്കിടുന്നതിന്റൈയും വീഡിയോ ജ്യോതി പങ്കുവച്ചിട്ടുണ്ട്.
ഇയാളെയും ഭാര്യയെയും യുവതി വീട്ടിലേക്ക് ക്ഷണിക്കുന്നതും വീഡിയോയിൽ ഉണ്ട്. ചാരവൃത്തി നടത്തിയതിന് ഇന്ത്യയിൽ നിന്ന് പുറത്താക്കപ്പെട്ട പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനാണ് ഇഹ്സാനു റഹീം എന്ന ഡാനിഷ്. ഇയാളുമായി പരിചയപ്പെട്ട അതേ വർഷം തന്നെ ജ്യോതി ആദ്യമായി പാകിസ്ഥാനിലെത്തി.