ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും തടവ്. ഭർത്താവ് സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിൽ സാമിന്റെ ഭാര്യ സോഫിയക്ക് 22 വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്.
സോഫിയുടെ കാമുകനും പ്രധാന പ്രതിയുമായ അരുൺ കമലാസനന് 27 വർഷം തടവ് ശിക്ഷയും വിധിച്ചു. ഫെബ്രുവരിയിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിക്ടോറിയൻ സുപ്രീം കോടതിയാണ് വിധി പ്രസ്താവിച്ചത്.
കൊല്ലം സ്വദേശികളായ സാമും സോഫിയയും തമ്മിൽ പ്രണയവിവാഹമായിരുന്നു. എന്നാൽ, വിവാഹശേഷവും സോഫിയക്ക് അരുണുമായി ബന്ധമുണ്ടായിരുന്നു.മെൽബണിൽ താമസിക്കുന്നതിനിടെ ഇരുവരും ചേർന്ന് സാമിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയും ആയിരുന്നു.
2015 ഒക്ടോബർ 13ന് ആയിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന സാമിനെ കൊലപ്പെടുത്താനായി സോഫിയയും അരുണും ചേർന്ന് ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി സാമിന്റെ വായിലേക്ക് ഒഴിച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് സാം ഉറക്കത്തിൽ മരിച്ചുവെന്ന് സോഫിയ വീട്ടുകാരെ അറിയിച്ചു.
ഒരു വർഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് കണ്ടെത്തിയത്. സാമിനെ മുൻപും ഇവർ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. സോഫിയയുടെയും അരുണിൻ്റെയും ഡയറിക്കുറിപ്പുകളും കോടതിയിൽ നിർണായക തെളിവായി.
പോസ്റ്റ്‌മോർട്ടത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. . തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോഫിയയും അരുണും അറസ്റ്റിലായി.