കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയില്‍. മങ്ങാട് സ്വദേശി നിഖിലേഷാണ് പിടിയിലായത്.
കിളികൊല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. മങ്ങാട് സംഘംമുക്കില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. രാത്രി 7.30ഓടെ കട അടയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ കട അടച്ചെന്നും പൊറോട്ട ഇല്ലെന്നും കടയുടമ അമല്‍ കുമാര്‍ പറഞ്ഞു. ഇതോടെ ഭീഷണി മുഴക്കിയ നിഖിലേഷ് കടയുടമയെ അടിച്ച ശേഷം ബൈക്കില്‍ കയറി പോയി.
ഏറെ നേരത്തിന് ശേഷം സുഹൃത്തുമായി മടങ്ങിയെത്തിയ യുവാവ് കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കടയുടമയുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു.
അക്രമം നടത്തുന്നതിനിടെ പൊലീസ് ജീപ്പ് വരുന്നത് കണ്ട പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ അമലിനെ കടയിലെ തൊഴിലാളികളാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മധ്യവയസ്കനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: മധ്യവയസ്കനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി കൊടുമുണ്ടിയിലാണ് സംഭവം. മച്ചിങ്ങത്തൊടി വീട്ടിൽ അഷ്റഫലിയാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ സിറ്റൗട്ടിൽ രക്തം തളം കെട്ടി കിടക്കുന്നതായി പ്രദേശവാസികൾ കണ്ടെത്തിയിരുന്നു.
അഷ്റഫലിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നു അഷ്റഫ് എന്ന് നാട്ടുകാർ പറയുന്നു.
രക്തം ചർദ്ദിച്ച് മരിച്ചതാണോ എന്ന സംശയവും ഉണ്ട്. കുറച്ച് നാളുകളായി അഷ്റഫലി ഒറ്റയ്ക്കാണ് താമസിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.









