തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വർക്കലയിലാണ് ദാരുണ സംഭവം നടന്നത്. അയിരൂര്‍ ഇലകമണ്‍ ചാരുകുഴി കുന്നുംപുറം ലക്ഷംവീട്ടില്‍ രാജേഷ് (19) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങളുമൊത്ത് രാജേഷ് വീടിന് മുന്നിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ ശക്തമായ ഇടിമിന്നല്‍ ഉണ്ടായി.
ഇടിമിന്നലേറ്റ് യുവാവ് നിലവിളിച്ചതോടെ കുടുംബാംഗങ്ങള്‍ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണി ചെയ്യുന്ന ആളായിരുന്നു രാജേഷ്.
അതേസമയം തിരുവനന്തപുരത്ത് ഇന്നലെ ഉച്ചകഴിഞ്ഞു തുടങ്ങിയ മഴപൊടുന്നനെ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയായി മാറുകയായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.









