മാങ്കുളം കോഴിയളക്കുടിയില്‍ തൃശൂരിൽ നിന്നെത്തിയ വിനോദസഞ്ചാരികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റത് എട്ടു പേർക്ക്.
ജീപ്പ് ഡ്രൈവര്‍ക്കും ഏഴു സഞ്ചാരികൾക്കുമാണ് പരിക്കേറ്റത്. തൃശ്ശൂര്‍, മാള, അഷ്ടമിച്ചിറ സ്വദേശികളാണ് പരിക്കേറ്റ സഞ്ചാരികൾ.
മാങ്കുളം സന്ദർശിക്കുന്നതിനിടെ രണ്ടു ജീപ്പുകളിലായി സഞ്ചരിച്ച 17 അംഗ സംഘത്തിലെ ഒരുകൂട്ടം സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല.മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ഏലത്തോട്ടത്തിൽ നിന്ന് പച്ച ഏലക്ക കുലയോടെ വെട്ടിപ്പറിച്ചു: പ്രതി അറസ്റ്റിൽ
ഇടുക്കി കട്ടപ്പന പാറക്കടവിലുള്ള ഏലത്തോട്ടത്തിൽ നിന്നും പച്ച ഏലക്ക മോഷ്ടിച്ച പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൂട്ടിക്കൽ കുന്നേൽ പറമ്പിൽ വീട്ടിൽ സുബിൻ വിശ്വംഭര (32)നാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ട് പാറക്കടവിലെ ഏലത്തോട്ടത്തിൽ നിന്നും ശരം (കുല) ഉൾപ്പെടെ പ്രതി ഏലക്കായ വെട്ടിപ്പറിക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികളാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്.