ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിഡി സവർക്കറിനെതിരായ പരാമർശത്തിന്റെ പേരിലാണ് വിമർശനം. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്നും അത്തരം സമീപനമുണ്ടായാൽ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി കടുത്ത ഭാഷയിൽ വ്യക്തമാക്കി.
ഗാന്ധിജിയും വൈസ്രോയിയോട് ‘താങ്കളുടെ വിനീത ദാസൻ’ എന്നു സ്വയം വിശേഷിപ്പിച്ചിട്ടുണ്ടെന്നും നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ ദാസൻ എന്നു വിളിക്കുമോ എന്നും ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് മൻമോഹനും അടങ്ങുന്ന ബെഞ്ച് ചോദിച്ചു.
രാഹുൽ ഗാന്ധി നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങളാണ്. സ്വാതന്ത്ര്യം നേടിത്തന്നവരോട് തിരിച്ച് പെരുമാറേണ്ടത് ഈ രീതിയിലല്ല. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി സവർക്കരെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ എന്നും കോടതി ചോദിച്ചു.
ചരിത്രമോ ഭൂമിശാസ്ത്രമോ അറിയാതെ എങ്ങനെയാണ് ഇത്തരം പരാമർശം നടത്തുന്നതെന്നും ഭാവിയിൽ ഇത്തരം പരാമർശം ഉണ്ടാകരുതെന്നും കോടതി നിർദ്ദേശം നൽകി.
ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സവർക്കർ ബ്രിട്ടിഷുകാരുടെ സേവകനായിരുന്നെന്നും അവരിൽനിന്നു പെൻഷൻ വാങ്ങിയിരുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെയാണ് കേസ് നൽകിയത്.
ലക്‌നൗവിലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച് സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. സമൻസ് സ്‌റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്.