സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി വിൽക്കുന്ന കമ്പനികൾ നിയമാനുസൃത ലൈസൻസ് നിർബന്ധമാക്കിയും പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും എം.വി.ഡി. കേന്ദ്ര സർക്കാർ ഉത്തരവ് പിന്തുടർന്ന് ലൈസൻസ് ലഭിക്കാത്ത സ്ഥാപനങ്ങൾക്ക് പൂട്ടിടാനാണ് എംവിഡി നീക്കം.

ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഫോം 29 ഉപയോഗിച്ച് ഓൺലൈനായി ഓതറൈസേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. 1989 ലെ ചട്ടം 81 പ്രകാരം 25000 രൂപയാണ് അപേക്ഷാ ഫീസ്.
അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം അധികൃതർ വേണ്ട പരിശോധനകൾ നടത്തി പരിശോധന തൃപ്തികരമാണെങ്കിൽ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നൽകണം. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിന് പാർക്കിങ്ങ് സൗകര്യം നൽകേണ്ടതും വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ഓതറൈസേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് കാണത്തകവിധം പ്രദർശിപ്പിക്കണം.
വാഹന ഉടമകൾ യൂസ്ഡ് കാർ ഷോറൂമുകളിൽ വാഹനം വിൽക്കുമ്പോൾ ഫോം 29 സി. പ്രകാരം രജിസ്റ്ററിങ്ങ് അതോറിറ്റിയ്ക്ക് അപേക്ഷ നൽകണം. ഫോമിൽ വാഹന ഉടമയും വാഹനം സ്വീകരിക്കുന്ന സ്ഥാപനവും ഒപ്പിടേണ്ടതാണ്. തുടർന്ന് വാഹനം കൈമാറിയതായി ഉടമയ്ക്ക് പോർട്ടൽ വഴി അക്‌നോളഡ്ജ്‌മെന്റ് ലഭിക്കും.
അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ വാഹന ഉടമയായ ഡീലർക്കായിരിക്കും വാഹനത്തിന്റെ ഉത്തരവാദിത്വം. ഏപ്രിൽ 15 മുതൽ ഡീലർഷിപ്പ് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് ഇറക്കിയ ഉത്തരവിൽ പറയുന്നു.