ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക് പുറപ്പെടും. സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി ചർച്ച നടത്തും. സന്ദര്‍ശനത്തില്‍ ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ സൗദിയുമായി മോദി സുപ്രധാന കരാറുകള്‍ ഒപ്പിടുമെന്നാണ് സൂചന.
ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ മോദി സംസാരിക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്. സ്വകാര്യ ടൂർ ഏജൻസികൾ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നൽകണമെന്ന അഭ്യർത്ഥന ഇന്ത്യ മുന്നോട്ട് വെക്കും.
മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്. നരേന്ദ്ര മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി എന്നിവിടങ്ങുന്ന പതിനൊന്ന് അംഗ ഉന്നതതല സംഘമാണ് ഇന്ന് ജിദ്ദ സന്ദർശനത്തിന് പുറപ്പെടുക. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദ സന്ദര്‍ശിക്കുന്നത്.
ഹജ്ജ് ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാൽ ഇക്കാര്യത്തിലെ ചർച്ച പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. 2023ല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.