കോഴിക്കോട്: വയോധികയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയിലാണ് സംഭവം. കരിമ്പിൻ പുരയിടത്തിൽ റോസമ്മ (65)യാണ് മരിച്ചത്.
വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തിലാണ് റോസമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെയാണ് സംഭവം.
വീട്ടുകാരാണ് റോസമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകന്റെയും മരുമകളുടെയും ഒപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. കിടപ്പുമുറിയിൽ നിന്ന് കൈ ഞരമ്പ് മുറിച്ചതിന് പിന്നാലെ തൊഴുത്തിലെത്തി കഴുത്ത് മുറിച്ചതാവാം എന്നാണ് നിഗമനം.
തിരുവമ്പാടി പൊലീസും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.