തിരുവനന്തപുരം: തിരുവനന്തപുരം ആർടി ഓഫീസിൽ വാഹന ഫിറ്റ്‌നസ് ടെസ്റ്റിന് ഫീസ് സ്വീകരിക്കാത്തത് വാഹന ഉടമകളെ വലയ്ക്കുന്നു. രണ്ടാഴ്ചയായി തുടരുന്ന സോഫ്റ്റ് വെയർ പിഴവ് ഇനിയും പരിഹരിക്കാനായിട്ടില്ല.
പരാതിപ്പെടുന്നവരോട് സമീപത്തെ ഏതെങ്കിലും ഓഫീസിൽ ഫീസ് അടച്ചശേഷം എത്താനാണ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്. സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവർ പിന്നീട് ഓഫീസുമായി ബന്ധപ്പെടുമ്പോഴാണ് ഇത്തരം ക്രമീകരണമുള്ളത് അറിയുന്നത്.
ഇടനിലക്കാർക്ക് ഈ ക്രമീകരണത്തെക്കുറിച്ച് അറിയാമെങ്കിലും നേരിട്ട് ഫീസ് അടയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് സംബന്ധിച്ച് ഒരു സൂചനയും ലഭിക്കില്ല. തിരുവനന്തപുരം ഓഫീസിലെ എല്ലാ വാഹനങ്ങളും പരിശോധിക്കേണ്ടത് മുട്ടത്തറയിലെ ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റിങ് സെന്ററിലാണ്.
കുറെ നാളുകളായി ഇതു പ്രവർത്തനരഹിതമായതിനാൽ ഉദ്യോഗസ്ഥർ നേരിട്ടാണ് വാഹനം പരിശോധിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ ഓട്ടോമാറ്റിക് ടെസ്റ്റിങ് സംവിധാനം കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു.
എന്നാൽ, കേരളത്തിൽ ഇത് സജ്ജീകരിച്ചിട്ടില്ല. മുട്ടത്തറയിൽ നേരത്തേ ടെസ്റ്റിങ് സെന്റർ ഉള്ളതിനാൽ അതിനനുസരിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സോഫ്റ്റ് വെയറിൽ മാറ്റംവരുത്തിയിരുന്നു.
ഇതാണ് സാങ്കേതികപ്പിഴവിനു കാരണമെന്ന് പറയുന്നത്. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സൗകര്യമുണ്ടായിരുന്ന മറ്റ് എട്ടു സ്ഥലങ്ങളിലും സോഫ്റ്റ് വെയറിൽ
ഇതേ പിഴവ് കാണിക്കുന്നുണ്ട്.









