തിരുവനന്തപുരം: ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. ശസ്ത്രക്രിയക്കിടെ അരുൺ ഇത് മൊബൈലിൽ പകർത്തുകയായിരുന്നു. ഇത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുൺ പറഞ്ഞത്. ഇതിനുമുമ്പും ഇയാൾക്കെതിരെ സമാന പരാതിയിൽ നടപടി എടുത്തിരുന്നു. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് അരുൺ.
ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 20 പേർ ആശുപത്രിയിൽ
തിരുവനന്തപുരം: ഷവർമ കഴിച്ചവർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി. തിരുവനന്തപുരം മണക്കാടിലാണ് സംഭവം. 20 പേരാണ് ചികിത്സ തേടിയത്.
വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. ശനിയാഴ്ച രാവിലെയോടെ ഇവർക്ക് ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടു.
സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം ഭക്ഷണശാല അടച്ചുപൂട്ടി. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.