ലഖ്‌നൗ: യുപിയിലെ ലക്‌നൗവിലുള്ള ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം. അഗ്‌നിശമന സേനയും മറ്റ് അടിയന്തിര രക്ഷാപ്രവര്‍ത്തക സംഘങ്ങളും സ്ഥലത്തെത്തി ആശുപത്രിയില്‍ നിന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.
ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിത്തം നടന്നത്. ഇതിനുപിന്നാലെ കെട്ടിടത്തില്‍ പുക നിറഞ്ഞു.
ആദ്യം തീപിടിച്ച നിലയില്‍ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. അതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികള്‍ കൂടുതല്‍ പരിഭ്രാന്തരായി.
പുക ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ രോഗികളെ മാറ്റാനുള്ള ശ്രമവും തുടങ്ങിയിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് മാർഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ആശുപത്രിയില്‍ നിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് തന്നെ മാറ്റിയതായും അധികൃതര്‍ അറിയിച്ചു.”