രാജ്കോട്ട്: പുനർവിവാഹം കഴിക്കണമെന്ന പിതാവിന്റെ ആഗ്രഹത്തിന് മകൻ തടസം നിന്നത് കൊലപാതകത്തിൽ കലാശിച്ചു. 80 കാരനായ പിതാവാണ് 52 വയസ്സുള്ള മകനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ജസ്ദാനിലാണ് നാടിനെ നടുക്കിയ സംഭവം. രാംഭായ് ബോറിച്ചയാണ് മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവ ദിവസവും ഇരുവരും തമ്മിൽ വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായതായാണ് ലഭിക്കുന്ന വിവരം.
പൊലീസ് ആദ്യം കരുതിയിരുന്നത് വസ്തു സംബന്ധമായ തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നായിരുന്നു. എന്നാൽ 20 വർഷം മുമ്പ് ഭാര്യ മരിച്ച രാംഭായി വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും, ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.
വീണ്ടും വിവാഹം കഴിക്കാനുള്ള പിതാവിന്റെ ആഗ്രഹത്തെ മകൻ പ്രതാപ് എതിർത്തിരുന്നു. ഇതിൽ പ്രകോപിതനായ പിതാവ് രാംഭായ് തോക്കെടുത്ത് മകനു നേരെ രണ്ടു തവണ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രതാപ് കൊല്ലപ്പെട്ടു.
രാവിലെ രാംഭായിക്ക് ചായ നൽകി അടുക്കളയിലേക്ക് തിരികെ പോകുമ്പോഴായിരുന്നു സംഭവമെന്നും, രണ്ടു തവണ വെടിയൊച്ച കേട്ടതായും പ്രതാപിന്റെ ഭാര്യ ജയ ബെൻ പൊലീസിന് മൊഴി നൽകി. ശംബ്ദം കേട്ട് ജയ ഓടിയെത്തിയപ്പോൾ അവരെയും രംഭായ് ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടോടിയ ജയ, മകൻ എത്തിയ ശേഷം സംഭവ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ കാണുന്നത് തന്റെ ഭർത്താവ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ്. മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനരികിൽ നിർവികാരനായി ഇരിക്കുകയായിരുന്നു രാംഭായി എന്നും ഇവർ പറഞ്ഞു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.