മുംബൈ: ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധനയാണ് അണ്‍ക്ലെയ്മ്ഡ് നിക്ഷേപത്തില്‍ ഉണ്ടായതെന്ന് ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 78,213 കോടിയാണ് ഇത്തരത്തില്‍ ബാങ്കുകളിലുള്ളത്.
പത്തോ അതിൽ കൂടുതലോ വർഷങ്ങളായി അവകാശികളില്ലാതെ തുടരുന്ന നിക്ഷേപം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ആര്‍ബിഐയുടെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവേര്‍നസ് ഫണ്ടിലേക്ക് (ഡിഇഎ) മാറ്റുകയാണ് സാധാരണയായി ചെയ്യുക. 2023 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് ഫണ്ടില്‍ 62,225 കോടി രൂപയാണുണ്ടായിരുന്നത്.
ഇത്തരത്തിൽ ഏറെ നാളായി നിര്‍ജീവമായ അക്കൗണ്ടുകള്‍ നിരന്തരമായ നിരീക്ഷണത്തില്‍ വയ്ക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ വഴി തട്ടിപ്പു നടക്കാനുള്ള സാധ്യത തടയാനാണിത്. നിര്‍ജീവ അക്കൗണ്ടുകളിലെ അനന്തരാവകാശികള്‍ക്കോ പിന്‍ഗാമികള്‍ക്കോ ഇടപാടുകള്‍ നടത്തണമെങ്കില്‍ ആര്‍ബിഐ നിര്‍ദേശിക്കുന്ന നടപടിക്രമങ്ങള്‍ പിന്തുടരേണ്ടതുണ്ട്.