മലപ്പുറം: മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കുട്ടികൾക്കുള്ള അരി കടത്തിയ സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ. കുറ്റക്കാരായ അധ്യാപകരിൽ നിന്ന് 2.88ലക്ഷം രൂപ ഈടാക്കണമെന്നാണ് നിർദേശം. സ്കൂളിലെ 7737 കിലോ അരി കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരിൽ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാർശ ചെയ്തു.
ഗുരുതരമായ കുറ്റമാണിതെന്നും അധ്യാപകർക്കെതിരെ ക്രിമിനൽ നടപടി ഉൾപ്പെടെ വേണമെന്നുമാണ് ശുപാർശ. പ്രധാന അധ്യാപകൻ ഉൾപ്പെടെ കുറ്റക്കാരായ നാല് അധ്യാപകർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ശുപാർശയുണ്ട്. ഇവരിൽ നിന്നാണ് തുക ഈടാക്കാൻ നിർദേശിച്ചിരിക്കുന്നത്. നേരത്തെ സ്കൂളിൽ നിന്ന് അരി കടത്തുന്നതിൻറെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ ധനകാര്യ അന്വേഷണ വിഭാഗം അന്വേഷണം നടത്തിയത്. സംഭവത്തിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ നാലു അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു.