കൊച്ചി: തേങ്ങ കിലോയ്ക്ക് 75രൂപയായി. വെളിച്ചെണ്ണ കിലോയ്ക്ക് 275രൂപ കടന്നു. കേരളത്തിൽ തേങ്ങയും വെളിച്ചെണ്ണയും തൊട്ടാൽ പൊള്ളുന്ന വിലയിൽ തുടരുന്നതിനുപിന്നിൽ തമിഴ്നാട് ലോബിയുടെ ഇടപെടലെന്ന് ആക്ഷേപം.
കേരളത്തിലെ കർഷകർക്ക് വില കിട്ടുന്നുണ്ടെങ്കിലും ഉത്പാദനം കുറവായതിനാൽ നേട്ടമില്ല. തമിഴ്നാട്ടിൽ വരൾച്ചയായതോടെ വിളവ് കുറഞ്ഞിരിക്കുകയാണ്.
ഇതോടെ കേരളത്തിൽ തമിഴ്നാട് ലോബി പിടി മുറുക്കിയിരിക്കുകയാണ്. നാഫെഡും അഗ്രി മാർക്കറ്റിംഗ് ബോർഡും തമിഴ്നാട്ടിൽ ഉയർന്ന വിലയ്ക്കാണ് തേങ്ങയും കൊപ്രയും ഇപ്പോൾസംഭരിക്കുന്നത്.
അതുകൊണ്ട് അവിടെയുള്ള സ്വകാര്യലോബികൾ മുതലാകുന്ന വിലയ്ക്ക് കേരളത്തിൽ നിന്ന് തേങ്ങ സംഭരിക്കുകയാണ്. കാങ്കയം,പൊള്ളാച്ചി എന്നിവിടങ്ങളിലെ ഏജന്റുമാരാണ് പ്രധാനമായും രംഗത്തുള്ളത്.
കൊപ്രാ ബിസിനസിന്റെ പ്രധാനകേന്ദ്രമായ കാങ്കയത്തേയ്ക്കാണ് കൂടുതൽ തേങ്ങ എത്തിക്കുക.









