വാശിയേറിയ പോരാട്ടം നടന്നിട്ടും സംസ്ഥാനത്തെ പോളിങ്ങ് ശതമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി 10 വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 71.35 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 77.84 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂരാണ്. കണ്ണൂരില്‍ 75.74 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഏറ്റവ് കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് പത്തനംതിട്ടയിലായിരുന്നു. 63.5 ശതമാനം വോട്ടാണ് പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ 10 മണിവരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം-66.41, ആറ്റിങ്ങല്‍-69.39, കൊല്ലം-67.82, മാവേലിക്കര-65.86, ആലപ്പുഴ-74.25, കോട്ടയം-65.59, ഇടുക്കി-66.37, എറണാകുളം-67.97, ചാലക്കുടി-71.59, തൃശൂര്‍-71.9, പാലക്കാട്-72.45, ആലത്തൂര്‍-72.42, പൊന്നാനി-67.69, മലപ്പുറം-71.49, കോഴിക്കോട്-73.09, വയനാട്-72.71, വടകര-73.09, കാസര്‍ഗോഡ്-74.16 എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം.

സംസ്ഥാനത്ത് 71.35 ശതമാനം പോളിംഗ്; ഇനി 38 നാളത്തെ കാത്തിരിപ്പ്; രാവിലെ ഏഴു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് നീണ്ടത് രാത്രി 12 വരെ; പോളിങ് വൈകിയതില്‍ പരിശോധന ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ്
കൊച്ചി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിധിയെഴുതി കേരളം. ഇനി 38 നാളത്തെ കാത്തിരിപ്പാണ്. അതു വരെ മുന്നണികളുടെ കൂട്ടി കഴിക്കലുകൾ കേൾക്കാം. ഇന്നലെ രാവിലെ ഏഴു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് രാത്രി 12 വരെ നീണ്ടു. ഔദ്യോഗിക സമയമായ ആറുമണിക്കു ശേഷവും വിവിധ മണ്ഡലങ്ങളിലെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. ക്യൂവിലുണ്ടായിരുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ ടോക്കണ്‍ നല്‍കിയാണ് ഒടുവിൽ വോട്ടെടുപ്പ് പ്രക്രിയ നടന്നത്. നേരം വൈകിയതോടെ പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങിപ്പോകുന്ന സാഹചര്യവുമുണ്ടായി. ഒടുവില്‍ രാത്രി പന്ത്രണ്ടോടെ സംസ്ഥാനത്തെ വോട്ടെടുപ്പ് സമാപിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണത്തെയും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇതാദ്യമായാണ് പന്ത്രണ്ടു മണി വരെ വോട്ടെടുപ്പ് നീണ്ടത്.
വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിലാണ് രാത്രി ഏറെ വൈകിയും വോട്ടെടുപ്പ് നടന്നത്. വടകര മണ്ഡലത്തിലെ മൂന്നു ബൂത്തുകളിലാണ് ഏറ്റവും ഒടുവില്‍ പോളിങ് സമാപിച്ചത്. പോളിങ് വൈകിയതില്‍ പരിശോധന ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ രംഗത്തെത്തിയിട്ടുണ്ട്.