കൊച്ചി: കോതമംഗലത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടപ്പടിയിലാണ് സംഭവം. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കാട്ടാന കുഞ്ഞപ്പന്റെ വീടിനു മുന്നിലെത്തിയപ്പോൾ കുഞ്ഞപ്പൻ അയൽവാസികളെ വിളിച്ചെങ്കിലും ആരും വെളിയിലേക്ക് ഇറങ്ങി വന്നില്ല.
ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ പാഞ്ഞ് അടുക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് ഇയാൾ കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ കുഞ്ഞപ്പനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
സ്നേഹ സമ്പന്നനും ശാന്തസ്വരൂപനുമായ ഏഴാറ്റുമുഖം ഗണപതി; കൂട്ടുകാരന് മയക്കുവെടി ഏറ്റപ്പോൾ താങ്ങിനിർത്തിയവൻ; ഇപ്പോൾ നേരെ നിൽക്കാനും നടക്കാനും കഷ്ടപ്പെടുന്നു…ആനയെ നിരീക്ഷിക്കാൻ മൂന്നംഗ സംഘം
തൃശ്ശൂർ: മയക്കുവെടിയേറ്റ ആനയെ തളരാതെ താങ്ങിനിർത്തിയ ഏഴാറ്റുമുഖം ഗണപതി. ആരും മറക്കാത്ത ദൃശ്യങ്ങളിയിരുന്നു അത്. മസ്തകത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള ആനയെ മയക്കുവെടിവെച്ചതിനെ തുടർന്ന് തളർന്നുപോവുന്ന ആനയെ ആണ് ഏഴാറ്റുമുഖം ഗണപതി തുമ്പിക്കൈയും ശരീരവും ഉപയോഗിച്ച് താങ്ങിനിർത്താൻ ശ്രമിച്ചത്. എന്നാൽ സ്നേഹ സമ്പന്നനും ശാന്ത സ്വരൂപനുമായ ഏഴാറ്റുമുഖം ഗണപതിയെ പറ്റി ഇപ്പോൾ പുറത്തു വരുന്നത് ഒരു സങ്കടവാർത്തയാണ്.
മസ്തകത്തിന് പരിക്കേറ്റ കാട്ടു കൊമ്പനെ താങ്ങി നിർത്തിയിരിക്കുന്ന ഏഴാറ്റുമുഖം ഗണപതിക്ക് കാലിന് പരിക്കേറ്റിരിക്കുന്നു. ജനവാസ കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമാണ് ഗണപതി. ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് ഡോക്ടർമാരായ ഡോക്ടർ ബിനോയ്, ഡോക്ടർ മിഥുൻ , ഡോക്ടർ ഡേവിഡ് എന്നിവരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഡോക്ടർ ബിനോയ് ഇന്ന് വനപാലകർക്കൊപ്പം കാട്ടാനയുടെ അടുത്തെത്തി നിരീക്ഷിച്ചു. ആനയുടെ കാലിന് ചെറിയ മുടന്തുള്ളതായി ഡോക്ടർ വനപാലകരെ അറിയിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനാൽ മുള്ളിവേലിയിലെ കമ്പി കാലിൽ തറച്ചിട്ടുണ്ടോ എന്നാണ് സംശയം. മറ്റു ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വിശദ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് ഡി എഫ്ഒയ്ക്ക് സമർപ്പിക്കും. ഡോക്ടർമാർ പരിശോധിച്ച് ശേഷം മയക്ക് വെടി വെച്ച് പിടിച്ച് ചികിത്സിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
തുമ്പൂർമുഴി പ്രകൃതി ഗ്രാമത്തിനടുത്തുള്ള ഏഴാറ്റുമുഖമാണ് ഈ ആനയുടെ തട്ടകം. സ്ഥിരമായി ഇവിടെ കാണാറുള്ള കൊമ്പനെ ഏഴാറ്റുമുഖം ഗണപതി എന്ന് പേരിട്ടത് ഇവിടത്തെ തോട്ടം തൊഴിലാളികളാണ്. അതിരപ്പള്ളി പൊലീസ് സ്റ്റേഷൻറെ സമീപത്ത് പൊലീസ് ഉദ്യോഗസ്ഥൻറെ നിർദ്ദേശം കേട്ട് അനുസരണയോടെ പോകുന്ന ഗണപതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുഴയുടെ സമീപത്ത് കുളിക്കാൻ ഇറങ്ങിയ ബൈക്ക് യാത്രക്കാരെ കണ്ടപ്പോഴും ഏഴാറ്റുമുഖം ഗണപതി ശാന്തനായിരുന്നു.
ഗണപതിയെ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. സ്ഥിരമായി വെറ്റിലപ്പാറ ഏഴാറ്റുമുഖംഭാഗങ്ങളിൽ ചുറ്റിക്കറങ്ങലാണ് ഗണപതിയുടെ പണി. ജനവാസ മേഖലയിൽ എത്തുമെങ്കിലും ആളുകളെ വെറുപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ഗണപതിക്കെതിരെ ആളുകൾക്ക് വലിയ പരാതികളും ഇല്ല.