ഓട്ടോറിക്ഷാ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തിയ യുവാക്കൾ ഡ്രൈവറുടെ പോക്കറ്റിൽ കിടന്ന പഴ്‌സും ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞു. പരാതിയിൽ ഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള മാലക്കര താന്നിക്കുന്നിൽ വീട്ടിൽ അഭിൽ രാജ്(26), കിടങ്ങന്നൂർ നീർവിളാകം പടിഞ്ഞാറേതിൽ എം.എ.ജിതിൻകുമാർ (26) എന്നിവരാണ് അറസ്റ്റിലായത്.
ആറന്മുള കിടങ്ങന്നൂർ മണപ്പള്ളി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാഭവനിൽ രാജപ്പന്റെ(68) പോക്കറ്റിൽനിന്നാണ് യുവാക്കൾ 500 രൂപയും മൊബൈൽ ഫോണും കവർന്നത്. ഫോണിന് 10,000 രൂപയാണ് വില. ഇക്കഴിഞ്ഞ 19ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ രാജപ്പൻ ഓട്ടോ സ്റ്റാൻഡിലിരിക്കുമ്പോൾ അഭിൽ, ജിതിൻകുമാറിനൊപ്പം സ്‌കൂട്ടറിലെത്തി 50 രൂപ ആവശ്യപ്പെട്ടു. കൈയിൽ പൈസ ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ രാജപ്പന്റെ പോക്കറ്റിൽനിന്ന് പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച് ഓടുകയുമായിരുന്നു.
സ്‌കൂട്ടറിൽ ഇരുവരും രക്ഷപ്പെട്ടു. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികൾ സഞ്ചരിച്ച സ്‌കൂട്ടർ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടിൽനിന്നും പിന്നീട് കണ്ടെടുത്തു. നഷ്ടമായ ഫോണിന്റെ ഐ.എം.എ.ഐ. നമ്പർ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ, പുതിയ സിംകാർഡിട്ട് ഫോൺ അഭിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണ് പിടിയിലായത്. ഇരുവരും മറ്റ് സ്റ്റേഷനുകളിൽ പലകേസിലും പ്രതികളാണ്.
English summary : 50 rupees were asked from the auto driver; When he said no, the phone and money were taken; Two youths were arrested