തിരുവനന്തപുരം: എട്ടു ദിവസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തിരുന്ന 5 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഈ വർഷം മാത്രം 46 ദിവസത്തിനുള്ളിൽ അകാലചരമം പൂകിയവരുടെ എണ്ണം 16. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു മരണം!
മിക്കവരുടെയും മരണകാരണം ഹൃദയസ്തംഭനം ആണ്. ചിലരുടേത് ആത്മഹത്യ.
മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഭീതിയിലാണ് കെ.എസ്.ആർ.ടിസി ജീവനക്കാർ.
ഫെബ്രുവരി 7ന് കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ മണികണ്ഠൻ, 9ന് പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ആർ.വി.അരുൺ, 12ന് വടകരയിലെ കണ്ടക്ടർ കെ.മുരളി, 14ന് കുമിളിയിലെ ഇൻസ്പെക്ടർ പ്രദീപ്‌കുമാർ, പത്തനംതിട്ടയിലെ ഡ്രൈവർ പി.കെ.അശോകൻ നായർ എട്ടു ദിവസത്തിനിടെ മരിച്ചവരുടെ ലിസ്റ്റ് ആണ് ഇത്.
അമിതമായ ജോലിഭാരവും ശിക്ഷാനടപടികൾ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദവുമാണ് അകാല മരണങ്ങൾ വർദ്ധിക്കുന്നതിനു കാരണമെന്ന് ജീവനക്കാർ പറയുന്നു. ഇതു സംബന്ധിച്ച് പഠനം നടത്തുന്നതിനോ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനോ കെ.എസ്.ആർ.ടി.സി മാനേജ്മെന്റോ ഗതാഗതവകുപ്പോ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
2018നുശേഷം കെ.എസ്.ആർ.ടി.സിയിൽ സ്ഥിരനിയമനം ഉണ്ടായിട്ടില്ല. 10 വർഷം മുമ്പ് 8,500 താത്കാലിക ജീവനക്കാരുൾപ്പെടെ 43,000 ജീവനക്കാരുണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 23,000 സ്ഥിരം ജീവനക്കാരും 3200 താത്കാലിക ജീവനക്കാരും മാത്രമാണ്.
മിക്കപ്പോഴും ഇവർക്ക് ഡബിൾ ഡ്യൂട്ടി, ഒന്നര ഡ്യൂട്ടി എന്നിവ ചെയ്യേണ്ടി വരുന്നു.ആഹാരക്രമീകരണം ആവശ്യമുള്ളവർക്ക് ഡ്യൂട്ടിമാറ്റം വളരെ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മെഡിസെപ്പ് പോലുള്ള ആരോഗ്യപദ്ധതികൾ ഇല്ല. ആരോഗ്യപ്രശ്നങ്ങളുണ്ടായാലും ലീവ് കിട്ടാൻ വളരെ ബുദ്ധിമുട്ട്. പെട്ടെന്ന് ലീവെടുത്താൻ കാരണംകാണിക്കൽ നോട്ടീസ് നൽകും. പിന്നാലെ നടപടി.
കൃത്യതയില്ലാത്ത ശമ്പള വിതരണം. ചികിത്സയ്ക്കുപോലും പി.എഫിൽ നിന്നും ലോൺ കിട്ടാത്ത അവസ്ഥയുണ്ട്. തലേദിവസം മദ്യപിച്ചാലും ഡ്യൂട്ടിക്കെത്തുമ്പോൾ പരിശോധനയും അവഹേളനവും. ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ.