മത്സ്യബന്ധന യാനത്തിൽ 13 മത്സ്യത്തൊഴിലാളികളിലാണ് ഉണ്ടായിരുന്നത്
ന്യൂഡൽഹി: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ശ്രീലങ്കൻ നാവികസേനയുടെ വെടിവെപ്പ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു.(5 Indian fishermen injured in Sri Lankan Navy firing)
മത്സ്യബന്ധന യാനത്തിൽ 13 മത്സ്യത്തൊഴിലാളികളിലാണ് ഉണ്ടായിരുന്നത്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചതിന് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ തൊഴിലാളികൾ ഇപ്പോൾ ജാഫ്ന ടീച്ചിങ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തിൽ ന്യൂഡൽഹിയിലെ ശ്രീലങ്കയുടെ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വിഷയം ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തോട് ഉന്നയിക്കുകയും ചെയ്തു.