ഡൽഹി-ആഗ്ര യമുന എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് 4 പേർ മരിച്ചു
മഥുര ∙ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി–ആഗ്ര യമുന എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് നാലുപേർ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
മഥുരയ്ക്ക് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ ഏഴ് ബസുകളും മൂന്ന് കാറുകളും ഉൾപ്പെടെ പത്തിലധികം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന് പിന്നാലെ ചില ബസുകളിൽ തീപിടുത്തമുണ്ടായത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. കനത്ത മൂടൽമഞ്ഞ് കാരണം ദൃശ്യപരത വളരെ കുറവായതായാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
പെട്ടെന്നുണ്ടായ കൂട്ടിയിടിയിൽ നിരവധി യാത്രക്കാർ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങി. വിവരം ലഭിച്ചയുടൻ യുപി പൊലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി-ആഗ്ര യമുന എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് 4 പേർ മരിച്ചു
അപകടത്തെ തുടർന്ന് യമുന എക്സ്പ്രസ് വേയിൽ ഒരു വശത്തേക്കുള്ള വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. ദൂരദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ നീണ്ട സമയം റോഡിൽ കുടുങ്ങിക്കിടക്കേണ്ടി വന്നു.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഇതിനു മുമ്പ് തിങ്കളാഴ്ച പുലർച്ചെ ഡൽഹി–മുംബൈ എക്സ്പ്രസ് വേയിലും സമാനമായ അപകടം നടന്നിരുന്നു. പുലർച്ചെ അഞ്ചുമണിയോടെയാണ് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇരുപതോളം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.
ആ അപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർ മരിക്കുകയും 20 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ റോഡ് അപകടങ്ങളുടെ എണ്ണം വർധിക്കുകയാണ്.
ദൃശ്യപരത കുറയുന്ന സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിത വേഗത്തിൽ ഓടിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.









