മരടിൽ ചരിഞ്ഞ ഫ്‌ളാറ്റിൽ യുവാവിന്റെ 4 ദിവസം പഴക്കമുള്ള മൃതദേഹം
കൊച്ചി ∙ മരടിൽ ആളൊഴിഞ്ഞു കാടുപിടിച്ചു കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽനിന്ന് വീണ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുത്തൻകുരിശ് സ്വദേശി സുഭാഷ് (51) എന്നയാളുടേതാണെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാർഡ്, കിടക്കവിരി, ബാഗ് എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം സുഭാഷിന്റേതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.
മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തലയ്ക്കു പിന്നിൽ ഗുരുതരമായ പരുക്കുകളുണ്ടെന്നും, രണ്ട് കാലുകൾക്കും ഒടിവേറ്റ നിലയിലാണെന്നും പൊലീസ് അറിയിച്ചു.
കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് വീണതാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുഭാഷിന്റെ സഹോദരിയെ മരടിലാണ് വിവാഹം കഴിച്ചയച്ചിരുന്നത്. സഹോദരിയുടെ ഭർത്താവാണ് മൃതദേഹം ആദ്യം തിരിച്ചറിഞ്ഞത്.
ഒരു മാസം മുൻപ് സഹോദരിയെ കാണാനായി സുഭാഷ് മരടിലെത്തിയിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് ഇയാൾ എവിടെയായിരുന്നു താമസിച്ചിരുന്നതെന്നും എന്താണ് സംഭവത്തിലേക്ക് നയിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വർഷങ്ങളായി ഇടയ്ക്കിടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന സ്വഭാവക്കാരനായിരുന്നു സുഭാഷ് എന്നും സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി കേട്ടിട്ടുണ്ടെന്നും മരട് നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാറും കൗൺസിലർ ജബ്ബാർ പാപ്പനയും പ്രതികരിച്ചു.
പൊലീസിന്റെ നിഗമനമനുസരിച്ച്, മരടിലെ ഈ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന്റെ മുകളിലായിരുന്നു സുഭാഷ് താൽക്കാലികമായി താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെടുത്തിട്ടുണ്ട്.
നിർമാണത്തിലെ പിഴവിനെ തുടർന്ന് ചെറിയ ചരിവ് കണ്ടെത്തിയതോടെ വർഷങ്ങൾക്കുമുമ്പ് ഈ കെട്ടിടത്തിന്റെ നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ഇത് ആളൊഴിഞ്ഞ നിലയിൽ കാടുപിടിച്ചു കിടക്കുകയാണ്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെയാണ് മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാനാവുക.









