യുവതി കിണറ്റിൽ വീണു: രക്ഷിക്കാനായി പിന്നാലെ ചാടി ഭർത്താവും ഭർതൃമാതാവും: മൂവർക്കും ദാരുണാന്ത്യം
കിണറ്റിൽ വീണ യുവതിയും രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങിമരിച്ചു. ചെന്നൈ വിരുദുനഗറിൽ സാത്തൂരിനടുത്താണു ദാരുണ സംഭവം. ഏഴയിരംപണ്ണ സ്വദേശിനിയായ മഹേശ്വരി തുണികഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.
മഹേശ്വരിയുടെ നിലവിളി കേട്ട് ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും ഓടിയെത്തി. മഹേശ്വരിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയെങ്കിലും ഇവരും മുങ്ങി മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തി മൃതദേഹങ്ങൾ കണ്ടെടുത്തു.
വാക്സിനെടുത്തിട്ടും പേവിഷബാധ: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്തനാപുരം സ്വദേശിനിയായ ഏഴുവയസുകാരി മരിച്ചു. ഏപ്രിൽ എട്ടിന് നായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്തിരുന്നെങ്കിലും പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്നാണ് വിവരം.
മൂന്നു തവണ പ്രതിരോധ വാക്സീനെടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പനി ബാധിച്ച കുട്ടിയെ കഴിഞ്ഞ മാസം 29ന് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. തുടർന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
നേരത്തെ പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. ഇതോടെ പേവിഷബാധയേറ്റ് ഒരു മാസത്തിനിടെ മൊത്തം 3 കുട്ടികളാണ് മരണപ്പെട്ടത്.