ഒരു പ്രത്യേക മൊബൈൽ നമ്പർ ഉപയോഗിച്ചവരെല്ലാം അപ്രതീക്ഷിതമായി മരണപ്പെടുന്നു. ഒടുവിൽ ആ നമ്പർ തന്നെ നിരോധിച്ച് കമ്പനി. ബൾഗേറിയൻ മൊബൈൽ കമ്പനിയായ മൊബിറ്റൽ പുറത്തിറക്കിയ +359 888 888 888 എന്ന മൊബൈൽ നമ്പറാണ് കമ്പനി നിരോധിച്ചത്. ഈ നമ്പർ ഉപയോഗിച്ച മൂന്ന് പേർ അപ്രതീക്ഷിതമായി മരണപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി നമ്പർ സസ്പൻഡ് ചെയ്തത് എന്നാണ് വിവരം. മൊബിറ്റലിന്റെ തന്നെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വ്ളാഡിമിർ ഗ്രാഷ്നോവായിരുന്നു നമ്പർ ആദ്യം എടുത്തത്. ഈ നമ്പർ ഉപയോഗത്തിലിരിക്കെ 2001 ൽ ക്യാൻസർ ബാധിതനായി 48 കാരനായ ഗ്രാഷ്നോവ് മരണപ്പെടുകയായിരുന്നു.
തുടർന്ന് ഗ്രാഷ്നോവിന്റെ മരണത്തെത്തുടർന്ന് ഈ നമ്പർ ലഭിച്ചത് ലഹരി മരുന്ന് മാഫിയ തലവനായ കോൺസ്റ്റാന്റിൻ ദിമിത്രോവിനായിരുന്നു. 2003 ൽ ഒരു യാത്രയ്ക്കിടയിൽ നെതർലൻഡിൽ വച്ച് ദിമിത്രോവ് കൊല്ലപ്പെടുകയായിരുന്നു. 500 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ടായിരുന്ന ദിമിത്രോവ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെടിയേറ്റു മരിച്ചത്. പ്രമുഖ വ്യവസായിയായിരുന്ന കോൺസ്റ്റാന്റിൻ ഡിഷ്‌ലീവായിരുന്നു നമ്പറിന്റെ മൂന്നാമത്തെ ഉടമ. ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിന് പുറത്ത് വച്ച് 2005 ൽ ഡിഷ്‌ലീവ് കൊല്ലപ്പെട്ടു. ഡിഷ്‌ലീവ് കൊക്കെയിൻ ബിസിനസ്സ് നടത്തിയിരുന്നതായും 130 മില്യൺ പൗണ്ട് മൂല്യമുള്ള ലഹരി മരുന്ന് കോളംബിയയിൽ നിന്നും ബൾഗേറിയയിലേക്ക് കടത്തുന്നതിനിടെ ഡിഷ്‌ലീവ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടർച്ചയായ ഇത്തരം സംഭവങ്ങൾക്ക് ശേഷം സസ്പെൻഡ് ചെയ്യപ്പെട്ട ഈ മൊബൈൽ നമ്പറിലേക്ക് ഇപ്പോൾ വിളിച്ചാൽ പരിധിക്ക് പുറത്താണ് എന്ന സന്ദേശമാണ് ലഭിക്കുക. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തിഗത മൊബൈൽ നമ്പറുകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തങ്ങൾ നടത്തില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി.